വില്‍പ്പനയ്ക്കായി എത്തിച്ചത് ഒരുമാസത്തോളം പഴകിയ 800 കിലോ ആവോലിയും, വറ്റയും, പിടിച്ചെടുത്ത് നശിപ്പിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്

ഇടുക്കി: കോവിഡ് കാലത്ത് മാര്‍ക്കറ്റുകളില്‍ പഴയ മീന്‍ വില്‍പ്പന പതിവാകുന്നു. ഇടുക്കി തൊടുപുഴയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയത് 800 കിലോ പഴകിയ മീനാണ്. പിടിച്ചെടുത്ത മീന്‍ അധികൃതര്‍ നശിപ്പിച്ചു.

വെങ്ങല്ലൂര്‍ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. മാസങ്ങളോളം പഴകിയതും ദുര്‍ഗന്ധമുള്ളതുമായ മത്സ്യങ്ങളാണ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍ സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. ശേഷം പിടികൂടിയ പഴകിയ മീന്‍ നശിപ്പിച്ചു. ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്.

ഇതിന് ഒരുമാസത്തോളം പഴക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വില്‍പ്പനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ കൊച്ചിയിലെ ഒരു ഏജന്‍സിയാണ് ഇയാള്‍ പറഞ്ഞു. മീന്‍ കയറ്റി അയച്ച ഈ ഏജന്‍സിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

Exit mobile version