പരിചയം മുതലെടുത്ത് സ്ഥാപനത്തിലെ പണപ്പെട്ടിയില്‍ നിന്നും കൈയ്യിട്ട് വാരല്‍ പതിവാക്കി പോലീസുകാരന്‍; കൈയ്യോടെ പിടികൂടി കടയുടമ, സസ്‌പെന്‍ഷന്‍

തൊടുപുഴ: പരിചയക്കാരന്റെ വ്യാപാരസ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ച സംഭവത്തിലാണ് വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടപ
ടി എടുത്തത്.

പീരുമേട് പോലീസ് സ്റ്റേഷനിലെ സിപിഒ സാഗര്‍ പി മധുവിനെയാണ് ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്. കടയിലെ നിത്യസന്ദര്‍ശകനായ യുവ പോലീസുകാരന്‍ പരിചയം മുതലെടുത്ത് പണം മോഷ്ടിച്ചെന്നാണ് പരാതി.

മുന്‍പു പോലീസുകാരന്‍ കടയില്‍ എത്തിയ സമയത്തെല്ലാം പണപ്പെട്ടിയില്‍ നിന്നും പണം കാണാതായിരുന്നു. തുടര്‍ന്ന് കടയുടമ പോലീസുകാരനെ നിരീക്ഷിക്കാന്‍ തുടങ്ങി. അവസാനത്തെ തവണ സാഗര്‍ കടയിലെത്തിയ സമയത്ത് പണ പെട്ടിയില്‍ കയ്യിട്ടത് കടയുടമ കൈയ്യോടെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് ബഹളം കേട്ട് ആളുകൂടിയതോടെ പോലീസുകാരന്‍ 5,000 നഷ്ടപരിഹാരം നല്‍കുകയും മാപ്പു പറയുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പീരുമേട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ മടങ്ങിപ്പോയി.

ALSO READ- പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! അര്‍ജന്റീന പ്രീ-ക്വാര്‍ട്ടറില്‍; രണ്ട് ഗോള്‍ വിജയം

ഇതോടെ പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോലീസ് സേനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടായതോടെയാണ് സംഭവം വിവാദമായത്. കുട്ടിക്കാനത്തു വെച്ചും ഇയാള്‍ സമാനരീതിയില്‍ പണം അപഹരിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു.

Exit mobile version