കറന്റ് ബില്‍ കണ്ട് അമ്പരന്ന് നാട്ടുകാര്‍; 300 വീടുകള്‍ക്ക് പത്തിരട്ടി തുക; അന്വേഷിക്കാന്‍ കെഎസ്ഇബി

കറന്റ് ബില്ല് 3000 അടച്ചിരുന്നയാള്‍ക്ക് 60,000 ത്തിന്റെ ബില്ലാണ് കിട്ടിയിരിക്കുന്നത്.

തൊടുപുഴ: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി കറന്‍് ബില്‍. തൊടുപുഴയില്‍ 300 ലധികം വീടുകളിലാണ് ഇത്തവണത്തെ കറന്റ് ബില്‍ പത്തിരട്ടിലേറെ വന്നത്. കറന്റ് ബില്‍ 3000 അടച്ചിരുന്നയാള്‍ക്ക് 60,000 ത്തിന്റെ ബില്ലാണ് കിട്ടിയിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കള്‍ക്കാണ് ഇത്തവണ ബില്‍ ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ബാബു കറന്റ് ബില്‍ കണ്ട ഞെട്ടലിലാണ്. കൃഷിക്കായും കുടിവെള്ളത്തിനായുമുള്ള മോട്ടോര്‍ പുരയുടെ ഇത്തവണത്തെ വൈദ്യുതി ബില്‍ 8499 രൂപയാണ്. അധികം വൈദ്യുതോപകരണങ്ങളോന്നുമില്ലാത്ത റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എങ്ങനെ ഇത്ര യൂണിറ്റായെന്ന് അറിയില്ല. അതുപോലെ, 3000 രൂപ കറന്റ് ബില്‍ വന്നിരുന്ന സണ്ണിയുടെ ഇത്തവണത്തെ ബില്‍ 60000 മാണ്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. പ്രശ്‌നം അന്വേഷിക്കുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി. ഇതിനോടകം മുന്നൂറിലധികം പരാതികള്‍ ലഭിച്ചെന്നാണ് കെ എസ്ഇബി പറയുന്നത്. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് ഇത്രയധികം പരാതികള്‍.

Exit mobile version