തൊടുപുഴയില്‍ 11കാരിയെ സമൂഹമാധ്യമത്തിലൂടെ വില്‍പ്പനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മ, കേസെടുത്ത് പോലീസ്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോട്ടയം: തൊടുപുഴയില്‍ പതിനൊന്നു വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ കാണപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ സംഭവം പോലീസ് അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും വല്യമ്മയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പെണ്‍കുട്ടിയുടെ അമ്മ ഉപേക്ഷിച്ചു പോയതാണ്.

അതേസമയം, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛനെയാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ ഇയാള്‍ക്ക് അത്തരത്തില്‍ ഫേസ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് മനസ്സിലായത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ച് ഇവര്‍ ഇത്തരത്തില്‍ പോസ്റ്റിടുകയായിരുന്നു. മൊബൈല്‍ വഴിയാണ് പോസ്റ്റിട്ടത്. ഇവര്‍ക്ക് 6 മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്.

Exit mobile version