ഒരു തവണ കൊവിഡ് നെഗറ്റീവ് ആയാൽ രോഗികളെ വീട്ടിലേക്ക് അയയ്ക്കും; സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റംവരുത്താൻ ആരോഗ്യവകുപ്പ് തീരുമാനം. ഇനി മുതൽ കൊവിഡ് രോഗികളെ ഒരു തവണ കൊവിഡ് നെഗറ്റീവായാൽ തന്നെ രോഗമുക്തരായതായി കണക്കാക്കുകയും വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്യും.നിലവിൽ തുടർച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയിൽ നിന്ന് മാറ്റുകയുള്ളു. ഈ രീതിയാണ് ഇപ്പോൾ മാറ്റുന്നത്.

അതേസമയം, ഇത്തരത്തിൽ വീടുകളിലേക്ക് മാറ്റുന്നവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും തീരുമാനമായി. ഏതെങ്കിലും അവസരത്തിൽ രോഗം പൂർണ്ണമായി ഭേദമായില്ലെന്ന് ബോധ്യപ്പെടുകയോ രോഗം മൂർച്ഛിക്കുകയോ ആണെങ്കിൽ ഇവരെ വീണ്ടും ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനമായി.

അതേസമയം ഇന്ന് പുതുതായി 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന 81 പേർക്കും രോഗം സ്ഥിരീകരിച്ചു.

Exit mobile version