സെന്റിനൽ പരിശോധനയിൽ മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; സമൂഹവ്യാപന ആശങ്ക വേണ്ടെന്ന് കെടി ജലീൽ

മലപ്പുറം: സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായോ എന്ന് തിരിച്ചറിയാനുള്ള സെന്റിനൽ സർവെയ്‌ലൻസ് പരിശോധനയിൽ മലപ്പുറം ജില്ലയിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്‌സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പരിശോധനാഫലം വന്നതോടെ കൂടുതൽ പേർക്ക് കൊവിഡ് പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ഇതോടൊപ്പം, കൂടുതൽ പേർക്ക് പരിശോധന നടത്തുമെന്ന് മന്ത്രി കെടി ജലീൽ അറിയിച്ചു. സമൂഹ വ്യാപന ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. അണു നശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ച് വരികയാണ്.

അതേസമയം, കഴിഞ്ഞ ദിവസം 195 പേർക്കാണ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത് മലപ്പുറത്തായിരുന്നു. 47 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ് എന്നത് ആശങ്കവർധിപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Exit mobile version