കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല, വിവരമറിഞ്ഞ് കൂട്ടുകാര്‍ തുണയായി എത്തി, എൻറോൾ ചെയ്ത് അമ്പിളി വക്കീലായി

ബന്തടുക്ക: സുഹൃത്തുക്കളെല്ലാവരും ഒന്നിച്ചു, അങ്ങനെ അമ്പിളിയും വക്കീലായി എൻറോൾ ചെയ്തു. എന്റോള്‍ ചടങ്ങിനു മുന്നോടിയായി ട്രയല്‍ നടന്നിരുന്നെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനാല്‍ കുറ്റിക്കോല്‍ കളക്കരയിലെ കുഞ്ഞമ്പു മാധവി ദമ്പതികളുടെ മകള്‍ കെ.എം.അമ്പിളിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വിഷമം അറിഞ്ഞതോടെയാണ് തുണയായി കൂട്ടുകാരെത്തിയത്.

എൻറോൾ ചടങ്ങിനു മുന്നോടിയായി 3 തവണയാണ് ട്രയല്‍ നടന്നിരുന്നത്. എന്നാല്‍ ഒന്നില്‍ പോലും പങ്കെടുക്കാന്‍ അമ്പിളിക്ക് കഴിഞ്ഞിരുന്നില്ല. അമ്പിളിയുടേയും മാതാപിതാക്കളുടെയും കൈയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലായിരുന്നു. കൂലിപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകളാണ് അമ്പിളി.

അമ്പിളിക്ക് ഒരു പുത്തന്‍ ഫോണ്‍ വാങ്ങി നല്‍കാനുള്ള പണം ഇരുവരുടെയും കൈയ്യിലില്ലായിരുന്നു. അമ്പിളിയുടെ വിഷമം മനസ്സിലാക്കിയതോടെ സുഹൃത്തുക്കള്‍ പണം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ കൂട്ടുകാര്‍ കൈയ്യിലുള്ള പൈസ അയച്ചുനല്‍കി. അമ്പിളി പുത്തന്‍ ഒരു ഫോണ്‍ വാങ്ങി.

സുഹൃത്തുക്കള്‍ സമ്മാനിച്ച മൊബൈല്‍ ഉപയോഗിച്ച് ഇന്നലെയാണ് അമ്പിളി ഓണ്‍ലൈന്‍ ആയി എൻറോൾ ചെയ്തത്. എന്റോള്‍ ചടങ്ങിന് ഒരു ദിവസം മുന്‍പാണ് മൊബൈല്‍ വാങ്ങിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നും ഡിഗ്രി പഠനത്തിന് ശേഷം തൃശൂര്‍ ഗവ.ലോ കോളജില്‍ ചേര്‍ന്ന അമ്പിളി ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെയാണ് എല്‍എല്‍ബി പാസായത്.

Exit mobile version