ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഗതാഗത വകുപ്പിന്റെ അംഗീകാരം, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് കെഎസ്ആര്‍ടിസി, തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ ഗതാഗത വകുപ്പ് അംഗീകരിച്ചു. ഇന്ധനവില വര്‍ധനയും യാത്രക്കാരുടെ കുറവും ചൂണ്ടിക്കാണിച്ച് കോവിഡ് കാലത്തേക്കുളള പ്രത്യേക ശുപാര്‍ശയാണ് മുഖ്യമന്ത്രിയുടെ പരിഗണനയിലുളളത്.

കഴിഞ്ഞദിവസമാണ് കോവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന പ്രാഥമിക റിപ്പോര്‍ട്ട് കമ്മീഷന്‍ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

ഇതിലാണ് ശുപാര്‍ശ അംഗീകരിച്ചത്. ബസ് ചാര്‍ജ് 25 ശതമാനമെങ്കിലും കൂട്ടണമെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഓരോ കിലോമീറ്ററിനും 90 പൈസയാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധനയ്ക്കുളള ഗതാഗത വകുപ്പിന്റെ ശുപാര്‍ശ കോവിഡ് കാലത്തേയ്ക്ക് മാത്രമാണെന്നും സ്ഥിരമായ വര്‍ധന ചര്ച്ചകള്‍ക്ക് ശേഷമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

അതേസമയം, മിനിമം നിരക്ക് 12 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന്‌ കത്ത് നല്കി. കോവിഡ് കഴിഞ്ഞാല്‍ നിരക്ക് കുറയ്‌ക്കേണ്ടി വരുമെന്നതിനാല്‍ അതുകൂടി കണക്കിലെടുത്തായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുക.

കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍ . അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പിന്റെ ഗുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.

Exit mobile version