പേപ്പറുകള്‍ സുഹൃത്തുക്കളായി, 33 പത്രത്താളുകള്‍കൊണ്ട് അദ്വൈത് നിര്‍മ്മിച്ച കലക്കന്‍ ട്രെയിന്‍ ഏറ്റെടുത്ത് ഇന്ത്യന്‍ റെയില്‍വേ,, അഭിനന്ദന പ്രവാഹം

ചേര്‍പ്പ്: പേപ്പര്‍ കൊണ്ട് പലതും നിര്‍മ്മിച്ച് പലരും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ പേപ്പറുകൊണ്ട് ട്രെയിന്‍ ഉണ്ടാക്കി ദേശീയ ശ്രദ്ധ വരെ നേടിയിരിക്കുകയാണ് ഇപ്പോള്‍. അദ്വൈത് കൃഷ്ണ നിര്‍മ്മിച്ച പേപ്പര്‍ ട്രെയിനിന്റെ വീഡിയോ ഇന്ത്യന്‍ റെയില്‍വേ പങ്കുവെച്ചിരിക്കുകയാണ്.

സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അദ്വൈത്. ലോക് ഡൗണ്‍ കാലത്തെ വിരസത മാറ്റാണ് അദ്വൈത് പേപ്പറുകളെ കൂട്ടുപിടിച്ചത്. ആദ്യമൊക്കെ ചെറിയ ചെറിയ സാധനങ്ങള്‍ ഉണ്ടാക്കി പരീക്ഷിച്ചു. എല്ലാം മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടപ്പോള്‍ ട്രെയിന്‍ ഉണ്ടാക്കി പരീക്ഷിക്കാന്‍ തന്നെ അദ്വൈത് തീരുമാനിച്ചു.

33 പത്രത്താളുകളില്‍ ഉപയോഗിച്ചാണ് മനോഹരമായ ട്രയിന്‍ രൂപം നിര്‍മ്മിച്ചത്. മൂന്ന് ദിവസമെടുത്താണ് അദ്വൈത് സ്റ്റീം എഞ്ചിനും രണ്ട് കമ്പാര്‍ട്ട്‌മെന്റുകളും നിര്‍മ്മിച്ചത്. അദ്വൈതിന്റെ പേപ്പര്‍ ട്രെയിനിന്‌റെ വീഡിയോ അച്ഛനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ പേപ്പര്‍ ട്രെയിന്‍ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇന്ത്യന്‍ റെയില്‍വേ ട്വിറ്ററിലൂടെ വീഡിയോ പങ്കു വയ്ക്കുകയായിരുന്നു. വീഡിയോ പിന്നീട് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ അദ്വൈതിനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

ട്രെയിന്‍ മാത്രമല്ല, ബുള്ളറ്റും, കാറും, ഉന്തുവണ്ടികളുമായി നിരവധി നിര്‍മ്മിതികളാണ് ചേര്‍പ്പിലെ വീട്ടിലുള്ളത്. ശില്‍പിയായ അച്ഛന്‍ മണികണ്ഠനാണ് വഴികാട്ടി. അദ്വൈതിനെക്കുറിച്ചുള്ള വീഡിയോക്ക് നല്ല പിന്തുണയാണ് ട്വിറ്ററില്‍. പേപ്പര്‍ ശില്‍പ്പങ്ങളില്‍ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനാണ് അദ്വൈതിന്റെ തീരുമാനം.

Exit mobile version