രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ പോകാന്‍ അനുമതി നല്‍കി ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പരിശോധന നടത്താതെ പോകില്ലെന്ന് നിര്‍ബന്ധം പിടിച്ച് ക്വാറന്റീനില്‍ കഴിഞ്ഞയാള്‍, ഒടുവില്‍ പരിശോധന ഫലം വന്നപ്പോള്‍ കോവിഡ് പോസിറ്റീവ്

പയ്യന്നൂര്‍: തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ബന്ധം പിടിച്ച എട്ടിക്കുളം സ്വദേശിയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മുബൈയില്‍നിന്നെത്തിയ ഇയാള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. 14 ദിവസമായി ക്വാറന്റീല്‍ കഴിഞ്ഞിരുന്ന ഇയാളില്‍ രോഗലക്ഷണങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് വീട്ടിലേക്കു തിരിച്ചുപോകാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ താന്‍ തിരിച്ചുപോകാന്‍ തയ്യാറല്ലെന്നും തനിക്ക് കോവിഡ് പരിശോധന നടത്തണമെന്നും ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പരിശോധന നടത്താതെ കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു അയാള്‍.

ക്വാറന്റീനില്‍ തുടര്‍ന്ന അയാള്‍ മുന്‍കൈയെടുത്ത് നടത്തിയ പരിശോധനയിലാണ് മുംബൈയില്‍നിന്നെത്തി 24-ാം ദിവസം അയാള്‍ക്ക് കോവിഡ് ബാധിച്ചതായി തെളിഞ്ഞത്. ഞായറാഴ്ചയാണ് അയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന്, ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്കു മാറ്റി.

Exit mobile version