അമിതവേഗത്തിലെത്തിയ ലോറിയും കാറും കൂട്ടിയിടിച്ചു, ആറ്റിങ്ങലില്‍ മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടാങ്കര്‍ ലോറിയും ഫോര്‍ച്ചൂണര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറ്റിങ്ങല്‍ ദേശീയപാതയില്‍ ടിബി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കാറില്‍ ഏട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ അസിന്‍, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കര്‍ ലോറി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഫോര്‍ച്ചൂണര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇരു വാഹനങ്ങളും അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറ് പൂര്‍ണമായും തകര്‍ന്നു. അപകടവിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

Exit mobile version