അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങള്‍ നിരവധി, ജീവനക്കാര്‍ പട്ടിണിയില്‍, എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

തിരുവന്തപുരം; കൊറോണ പ്രതിസന്ധിക്കാലത്ത് കേരളത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ക്കാണ് വരുമാനം നിലച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ കൊറോണ വ്യാപനത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങളെ സഹായിക്കാനാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചതോടെ നിരവധി ജീവനക്കാരാണ് പട്ടിണിയിലായത്. എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വരുമാനം നിലച്ച ക്ഷേത്രങ്ങള്‍ക്കും അവിടത്തെ ജീവനക്കാര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ അടിയന്തര തീരുമാനമുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഭീതിതമായ ഈ സ്ഥിതി നേരിടാന്‍ നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. രോഗം നമ്മെ വിട്ടുപോയെന്ന് പറയാറാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന വിഗ്ധാഭിപ്രായം സര്‍ക്കാര്‍ മാനിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Exit mobile version