ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്കുസാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴുജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ടുണ്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലീമീറ്റര്‍ മഴലഭിക്കുമെന്നാണ് പ്രവചനം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി.

Exit mobile version