അമ്മയ്ക്കും അച്ഛനും മുത്തശ്ശിക്കും കൊവിഡ്; പ്രതീക്ഷയുടെ നാളമായി ഭൂമിയിൽ പിറന്നുവീണ് കുഞ്ഞ് റയാൻ; നഴ്‌സുമാരുടെ കൈയ്യിൽ സുരക്ഷിതൻ!

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം പിറന്നുവീണ കുഞ്ഞ് റയാൻ കൊവിഡ് കാലത്ത് പ്രതീക്ഷയുടെ പര്യായമാവുകയാണ്. കൊവിഡ് ബാധിതയായ അമ്മയാണ് റയാൻ ജ്വോഷിന് ജന്മം നൽകിയത്. റയാന്റെ അച്ഛനും അച്ഛന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മയും അച്ഛനും കൊവിഡ് ബാധിതരായി രണ്ടു മുറികളിൽ ചികിത്സയിൽ കഴിയുമ്പോൾ നഴ്‌സുമാരുടെ കയ്യിൽ സുരക്ഷിതനാണ് കുഞ്ഞ് റയാൻ.

ഡൽഹിയിൽ നേഴ്‌സ് ആയിരുന്ന കാൽവരിമൗണ്ട് സ്വദേശിനിയാണ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുധനാഴ്ച രാത്രി 11.30ന് ആൺകുഞ്ഞിനു ജന്മം നൽകിയത്. രാത്രി വൈകി പ്രസവ വേദന തുടങ്ങിയതോടെ യുവതിക്ക് അടിയന്തരമായി സിസേറിയൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ബെനിത്ത് പറഞ്ഞു.

റയാന് 3.200 കിലോഗ്രാം തൂക്കമാണുള്ളത്. ആശുപത്രിയിൽ നഴ്‌സുമാരുടെ പരിചരണത്തിലാണ് കുഞ്ഞിപ്പോൾ. പ്രസവശേഷം മുറിയിലേക്കു മാറ്റിയ അമ്മയും സുഖമായി വരുന്നു. കുഞ്ഞിനു കൊവിഡ് പരിശോധന നടത്തുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് മെഡിക്കൽ ബോർഡ് കൂടി തീരുമാനിക്കുമെന്ന് നോഡൽ ഓഫിസർ ഡോ. ദീപേഷ് പറഞ്ഞു. കഴിഞ്ഞ 22ന് ആണ് പൂർണ്ണ ഗർഭിണിയായ യുവതിയും ഭർത്താവും ഭർതൃമാതാവും ഡൽഹിയിൽ നിന്ന് ട്രെയിനിൽ കേരളത്തിലെത്തിയത്. ജൂൺ ഒന്നിന് യുവതിക്കും 3ന് ഭർത്താവിനും ഭർതൃമാതാവിനും കൊവിഡ് സ്ഥിരീകരിച്ചു.

Exit mobile version