പൊതുദര്‍ശനമുണ്ടാകില്ല; വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം ഇന്ന്

കല്‍പ്പറ്റ: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവുമായ എംപി വീരേന്ദ്ര കുമാറിന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടു പോകും.

കൊറോണ പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ എവിടെയും പൊതുദര്‍ശനമുണ്ടാകില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ഉടന്‍ തന്നെ വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെ അന്ത്യം സംഭവിച്ചു. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഭൗതിക ശരീരം ചാലപ്പുറത്തെ വീട്ടിലെത്തിച്ചു. പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ടി. സിദ്ദീഖ്, പി.വി ഗംഗാധരന്‍ ഉള്‍പ്പെടെയുള്ളവര്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ശവസംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും

നിലവില്‍ രാജ്യസഭാഗം ആണ്. രാഷ്ട്രീയനേതാവിന് പുറമേ സാഹിത്യകാരനും പ്രഭാഷകനുമായിരുന്നു. കേന്ദ്രമന്ത്രിക്ക് പുറമേ സംസ്ഥാനത്ത് ചെറിയ കാലയളവില്‍ വനംമന്ത്രിയായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.

ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്‌കാരം,ഓടക്കുഴല്‍ അവാര്‍ഡ്,സ്വദേശാഭിമാനി പുരസ്‌കാരം, മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Exit mobile version