മുംബൈ ട്രെയിനില്‍ നിന്നും കണ്ണൂരില്‍ ഇറങ്ങിയത് 400 യാത്രക്കാര്‍, വിവരങ്ങള്‍ കൈവശമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ജില്ല കളക്ടര്‍, വിവരശേഖരണം ശ്രമകരം

കണ്ണൂര്‍: യാത്രക്കാരുമായി മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിന്‍ കണ്ണൂരിലെത്തി. ട്രെയിനില്‍ നിന്നും 400 പേരാണ് കണ്ണൂരില്‍ ഇറങ്ങിയത്. എന്നാല്‍ ഈ ട്രെയിനില്‍ എത്തുന്നവരുടെ പൂര്‍ണവിവരങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കൈവശമില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

1600 പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ കണ്ണൂരില്‍ ഇറങ്ങിയത് 400 പേരാണ്. 4 ജില്ലകളിലെ യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. ഇവരില്‍ മിക്കവരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണ്. അതിനാല്‍ ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരേയും നേരത്തെ രജിസ്റ്റര്‍ ചെയ്തവരേയും മാത്രമാണ് വീടുകളിലേക്ക് വിടുക. അതേസമയം, ട്രെയിനില്‍ എത്തുന്നവരുടെ പൂര്‍ണവിവരങ്ങള്‍ ജില്ല ഭരണകൂടത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കൈവശമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

യാത്രക്കാരില്‍ കൂടുതല്‍ പേരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്നും ഇത് പ്രതിസന്ധിയിലാക്കുന്നുവെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെയെല്ലാം പേര് വിവരങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് രജിസ്റ്റര്‍ ചെയ്യണം. 1600 പേര്‍ വരുമ്പോള്‍ പാസഞ്ചേഴ്‌സ് ലിസ്റ്റും സംസ്ഥാനത്തിന്റെ കൈയ്യില്‍ ഇല്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.

ട്രെയിനിന് കണ്ണൂരാണോ കാസര്‍കോടാണോ സ്റ്റോപ്പ് എന്ന കാര്യത്തില്‍ രാവിലെ വരെ ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്നും കളക്ടര്‍ പറയുന്നു.

Exit mobile version