ബെവ്‌കോ ആപ്പ് വേഗം നടപ്പാക്കാനാകുമെന്ന് മുഖ്യമന്ത്രി; ഈയാഴ്ച ഉണ്ടാകില്ല; മറ്റൊരു പേര് തേടുന്നെന്ന് ആപ്പ് നിർമ്മാണ കമ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതണത്തിന് വെർച്വൽ ക്യൂ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എല്ലാ തീരുമാനവും നേരത്തെ ആയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി ഇതു നടപ്പാകാവുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രമായി നീങ്ങുന്ന നില വന്നാൽ വിദേശമദ്യ ഷോപ്പുകളുടെ മുന്നിലുണ്ടാവുന്ന തിരക്ക് വളരെ കൂടുതലായിക്കും. അത് നിയന്ത്രിക്കുക എന്നത് വളരെ പ്രശ്‌നമുള്ള കാര്യമായിരിക്കും. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഓൺലൈൻ സമ്പ്രദായം വേണമെന്ന് കണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതിൽ വലിയ സംശയങ്ങളുടെ ആവശ്യമില്ല. പക്ഷേ, ഇതുവരെ അത് നടപ്പാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ വേഗം നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആപ്പ് നിർമ്മിക്കാൻ ഏൽപ്പിച്ച കമ്പനിയെ കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് സർക്കാർ ഏർപ്പെടുത്താനിരിക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തീയതി ഇപ്പോൾ പുറത്ത് വിടരുതെന്നു കമ്പനിയോട് ബിവറേജസ് കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടക്കുകയാണ്. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്‌നോളജിസ്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകും. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്‌തോയെന്ന് പരിശോധിക്കുന്നുണ്ട്.

ഇപ്പോഴുള്ള പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേ സ്റ്റോറിന് അയക്കൂ, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.

Exit mobile version