യുവതി വീടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അഞ്ചല്‍: യുവതി വീടിനുള്ളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടംബം. മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനന്‍, അമ്മ മണിമേഖല എന്നിവര്‍ അഞ്ചല്‍ സിഐക്കു പരാതി നല്‍കി.

ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര (25) വീടിനുള്ളില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 7ന് രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു മരണം സ്ഥിരീകരിച്ചു. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍, രാത്രി ജനാല തുറന്നിട്ടിരുന്നതായാണു ഭര്‍ത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങള്‍ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നു. ഉറക്കത്തില്‍ വിഷപ്പാമ്പ് കടിച്ചാല്‍ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും ഭര്‍ത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം. അന്വേഷണം ആരംഭിച്ചതായി സിഐ സി.എല്‍. സുധീര്‍ അറിയിച്ചു.

Exit mobile version