ശാന്തിക്കാരനും ഉസ്താദും മറ്റ് നാല് റൈഡർമാരും ചേർന്ന് ഒരു ട്രിപ്പടിച്ചു; ഒരു ജീവൻ രക്ഷിക്കാൻ; കൈകോർത്ത് ഫ്‌ളഡ് വളണ്ടിയേഴ്‌സ്

വയനാട്: ശാന്തിക്കാരനും ഉസ്താദും മറ്റ് നാലുപേരും ചേർന്ന് ഒരു ട്രിപ്പടിച്ചു. വെറുതെയല്ല, ജീവൻ രക്ഷിക്കാനായി കൈകോർത്തതായിരുന്നു ഈ ആറുപേരും. നല്ല റൈഡർമാരായ ഇവർ ലോക്ക്ഡൗണിലാണ് ജീവൻ രക്ഷിക്കാൻ ട്രിപ്പടിച്ചത്. അരൂരിൽ വൃക്കരോഗിയായ ഒരാൾക്ക് അടിയന്തരമായി മരുന്ന് വേണമെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് അരൂർ എസ്‌ഐ ചന്ദ്രാനന്ദൻ ഫ്‌ളഡ് വളണ്ടിയേഴ്‌സ് ഫാമിലിയുമായി ബന്ധപ്പെട്ടത്. മരുന്ന് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടി എസ്എൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്നാണ് ലഭിക്കുക. ഒരുവശത്തേക്ക് മാത്രം 365 കിലോമീറ്റർ ദൂരം. വയനാട്ടിൽ റെഡ്‌സോൺ കാരണം പോയിവരവ് ഏറെ ബുദ്ധിമുട്ട്. ആരെങ്കിലും അവിടെ എത്തിയാൽ ക്വാറന്റൈനിൽ പോകണമെന്ന കാരണം കൂടിയായതോടെ ആരും തയ്യാറാകാത്ത അവസ്ഥയിലാണ് ഫ്‌ളഡ് വളണ്ടിയേഴ്‌സ് ഫാമിലി ദൗത്യം ഏറ്റെ
ടുത്തത്.

ലോക്ഡൗണിൽപ്പെട്ടവർക്ക് അടിയന്തര മരുന്നുകൾ ഞൊടിയിടയിൽ എത്തിച്ച് നന്മ ചെയ്ത ഫ്‌ളഡ് വളണ്ടിയേഴ്‌സ് ഫാമിലിക്ക് ഇതും ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നു. റൈഡേഴ്‌സ് ക്ലബ്ബിലെ ആറ് റൈഡർമാർ മരുന്നിനായി അടിയന്തര ട്രിപ്പടിക്കാൻ പൂർണസജ്ജരായി മുന്നോട്ടുവന്നു. സഫാഫു, സുഹിൽ, ബർസാക്ക്, അമീർഷാദ്, ഷീക്കു, സിഫാൻ, നിഖിൻ എന്നിവർക്കായിരുന്നു ആ ചുമതല. ഫോണിലൂടെ കണ്ണൂർ സ്വദേശിയായ മിർഷാദ് ഈ പദ്ധതി ഏകോപിപ്പിച്ചു. കോഴിക്കോട് വരെ മരുന്ന് എത്തിക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. ഇവരുടെ ലക്ഷ്യം മനസ്സിലാക്കിയ അഗ്‌നിശമനസേന എല്ലാവിധ സഹായവും പിന്തുണയും ഈ ദൗത്യത്തിന് പ്രഖ്യാപിച്ചു. ചേരമ്പാടിയിൽനിന്ന് കോഴിക്കോട് മീഞ്ചന്ത വരെ ഫയർഫോഴ്‌സിന്റെ വിവിധ യൂണിറ്റുകൾ മരുന്നുകൾ കൈമാറി എത്തിച്ചു.

പിന്നീട് അങ്ങോട്ടായിരുന്നു റൈഡേഴ്‌സ് ക്ലബ്ബിലെ അംഗങ്ങൾ മരുന്നുമായി പറന്നത്. ക്ലബ്ബിലെ ആറ് അംഗങ്ങൾക്ക് ആറ് സ്ഥലങ്ങൾ വീതിച്ചുനൽകി. ആറുപേരും തങ്ങളുടെ ലക്ഷ്യം കൃത്യമായി പാലിച്ചു. ഞായറാഴ്ച രാത്രിയോടെ മരുന്നുമായി ജില്ലാ അതിർത്തിയായ അരൂർ പോലീസ് സ്റ്റേഷനിലെത്തി നിഖിൽ മരുന്ന് കൈമാറി. ഉടൻതന്നെ പോലീസ് മരുന്ന് രോഗിയുടെ വീട്ടിലെത്തി നൽകുകയും ചെയ്തു. മരുന്ന് കിട്ടിയവർക്കും എത്തിച്ചവർക്കും ഏറെ സന്തോഷം.

Exit mobile version