ലോക്ക് ഡൗണിന് മുമ്പ് നാട്ടിലെത്തിയ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് വ്യാജ പ്രചരണം നടത്തി: മലപ്പുറത്ത് ലീഗ് നേതാവ് അറസ്റ്റിൽ

മലപ്പുറം:താനൂർ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂർ നഗരസഭാ കൗൺസിലറും ലീഗ് നേതാവുമായ സിപി സലാം അറസ്റ്റിൽ. യുവാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ എസ്എച്ച്ഒ പി പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബാംഗ്ലൂരിൽ നിന്നെത്തിയ യുവാവിനെതിരെയാണ് കൗൺസിലർ വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. ജില്ലയിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവർക്കൊപ്പം വിമാനത്തിൽ യാത്രചെയ്തിരുന്ന താനൂർ സ്വദേശികൾ താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ കൗൺസിലർ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമർശിച്ചത്.

യുവാവ് കൊറോണ ചികിത്സ തേടാതെ നാട്ടിൽ കറങ്ങി നടക്കുകയാണെന്ന കൗൺസിലറുടെ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇതേ തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയത്. പരാതിയുമായി മുന്നോട്ടു പോയപ്പോൾ തീരദേശത്തെ ലീഗ് നേതാക്കൾ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമിച്ചതായി യുവാവിന്റെ ഭാര്യ ആരോപിക്കുന്നു.

Exit mobile version