മദ്യം വാറ്റുന്നതിനിടെ യുവാവ് പിടിയിൽ; ഗതികേടുകൊണ്ടാണെന്ന് പ്രതി; വീട്ടിലേക്ക്‌ ഭക്ഷണക്കിറ്റ് എത്തിച്ച് പോലീസിന്റെ നന്മ; മലപ്പുറത്തെ ജനകീയ പോലീസിന് നിറകൈയ്യടി നൽകി ജനങ്ങൾ

കൊളത്തൂർ: ലോക്ക് ഡൗൺ കാലത്ത് തെരുവിലുള്ളവർക്ക് ഭക്ഷണമെത്തിക്കുന്ന കാര്യത്തിലുൾപ്പടെ കേരളാ പോലീസ് കാണിക്കുന്ന സ്‌നേഹവും കരുതലും ഏറെ പ്രശസ്തമാണ്. ഇതിനിടെയാണ് മലപ്പുറത്തെ ഒരു സംഭവത്തിലൂടെ സംസ്ഥാനത്തെ പോലീസ് യഥാർത്ഥ ജനമൈത്രി പോലീസായി മാറിയെന്ന് സോഷ്യൽമീഡിയയും അംഗീകരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് മലപ്പുറത്ത് വാറ്റുകേസിൽ പിടിയിലായ യുവാവിന്റെ വീട്ടിലെ അവസ്ഥ കേട്ടറിഞ്ഞ പോലീസ് കാണിച്ച കരുതൽ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം വ്യാജമദ്യം വാറ്റുന്നതിനിടെ വളാഞ്ചേരി വെങ്ങാട്ടുനിന്ന് കൊളത്തൂർ പോലീസ് പിടികൂടിയ ആളുടെ കുടുംബത്തിന് സഹായവുമായാണ് കൊളത്തൂർ ജനമൈത്രി പോലീസെത്തിയത്.

കുന്നഞ്ചാത്തൊടി മണികണ്ഠനാണ് സുഹൃത്തിനൊപ്പം കഴിഞ്ഞ ദിവസം റിമാൻഡിലായത്. മണികണ്ഠന്റെ വീട്ടിലെ സ്ഥിതി മനസ്സിലാക്കിയ പോലീസ് പച്ചക്കറികളും പലചരക്കു സാധനങ്ങളും അടങ്ങിയ ഭക്ഷണകിറ്റ് എത്തിച്ചുനൽകുകയായിരുന്നു.

സിഐ പിഎം ഷമീർ, എസ്‌ഐ റെജിമോൻ ജോസഫ്, എസ്‌സിപിഒ വിവേക്, സിപിഒ പ്രിയജിത്ത്, സത്താർ എന്നിവരാണ് സാധനങ്ങളുമായി പ്രതിയുടെ വീട്ടിലെത്തിയത്.

Exit mobile version