കൊവിഡ് പ്രതിരോധത്തിലൂടെ കൂടുതൽ ജനകീയനായി മുഖ്യമന്ത്രി പിണറായി; ഫേസ്ബുക്കിൽ വർധിച്ചത് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സ്; ഉമ്മൻചാണ്ടിയെ പിന്നിലാക്കി

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മനംകവർന്ന കേരള സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യൽലോകത്തും പിന്തുണ വർധിക്കുന്നു. ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മറികടന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 11,52,437 പേരാണ് ഫേസ്ബുക്കിൽ പിണറായി വിജയനെ പിന്തുടരുന്നത്.

പിണറായി വിജയൻ എന്ന പേജിന് 10,67,747 പേരുടെ ലൈക്കാണുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് 10,62,771 പേർ ഫോളോവേഴ്‌സായും പേജിന് 10,64,884 പേരുടെ ലൈക്കുമുണ്ട്. കൊവിഡ് കാലത്ത് ഒരുലക്ഷത്തോളം ആളുകളാണ് അധികമായി പിണറായി വിജയനെ ഫോളോ ചെയ്യാൻ തുടങ്ങിയത്.

കൊവിഡ് പ്രതിരോധത്തെ കുറിച്ചറിയാൻ എന്നും വൈകുന്നേരമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നിരവധിപ്പേരാണ് ഫേസ്ബുക്കിലൂടെ കാണുന്നത്. 2013 നവംബർ 17നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പേജ് ആരംഭിക്കുന്നത്. അതേസമയം 2010 ഫെബ്രുവരി 24നാണ് ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.

പത്ത് ലക്ഷത്തിൽ താഴെയായിരുന്നു പിണറായി വിജയന്റെ ഔദ്യോഗിക പേജിന്റെ ലൈക്കുകൾ. എന്നാൽ, കൊവിഡ് കാലത്ത് ദിനംപ്രതിയുള്ള വാർത്താസമ്മേളനം ആരംഭിച്ചതോടെ പേജ് ഫോളോവേഴ്‌സിന്റെ എണ്ണവും കുതിച്ചുയർന്നു. വാർത്താചാനലുകളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം കാണിക്കുമ്പോഴും 30,000 ത്തിലധികെ പേരാണ് ഏകദേശം ഫേസ്ബുക്ക് പേജിലെ ലൈവ് വീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 10,04780 പേർ ഫോളോവേഴ്‌സായും പേജിന് 10,02526 പേരുടെ ലൈക്കുമുണ്ട്.

Exit mobile version