വൈറസ് ബാധിതരുടെ എണ്ണം കൂടി; കോട്ടയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കോട്ടയം: കോട്ടയത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി പി തിലോത്തമന്‍. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പതിനൊന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് കൂടി കര്‍ശന നിയന്ത്രണം തുടരാനാണ് ഇന്ന് മന്ത്രി പിതിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി. തീവ്രബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേര്‍ന്ന ഉദയനാപുരം, മറവന്‍തുരുത്ത്, തലയോലപറമ്പ് പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാകും. ഹോട്ട്‌സ്പോട്ടുകളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാകും പ്രവര്‍ത്തിക്കുക.

അതേസമയം രോഗബാധിത മേഖലയിലെ പാവപ്പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കുടിവെള്ള വിതരണം മുടക്കം കൂടാതെ നടക്കാന്‍ വാട്ടര്‍ അതോററ്റിയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തുവെന്നും രോഗവ്യാപനം തടയാന്‍ കൂടുതല്‍ റാന്‍ഡം ടെസ്റ്റുകള്‍ വേഗത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version