അധ്യാപകര്‍ ഇതുവഴി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്, ഇങ്ങനുള്ളവരാണോ ഞങ്ങളെ പഠിപ്പിക്കുന്നത്; 6 ദിവസത്തെ ശമ്പളം നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ വീടുകളില്‍ നിന്നും പ്രതിഷേധവുമായി എസ്എഫ്‌ഐ

വടകര: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് നാട് ഒന്നടങ്കം. അതിനിടെയാണ് 6 ദിവസത്തെ ശമ്പളം നല്‍കാനുള്ള ഉത്തരവ് അധ്യാപകര്‍ കത്തിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഒരുനാടുമുഴുവന്‍ പകര്‍ച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

അധ്യാപകര്‍ക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച കെപിഎസ്ടിഎ നിലപാട് ഐക്യകേരളത്തിന് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

നാടുമുഴുവന്‍ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ 6 ദിവസത്തെ ശമ്പളം നല്‍കാന്‍ ഉള്ള സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ ഇതുവഴി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന ചോദ്യമുയര്‍ത്തി വടകര നാദാപുരം എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെപിഎസ്ടിഎ നിലപാട് ഐക്യകേരളത്തിന് അപമാനം എന്ന പ്ലകാര്‍ഡുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും പ്രതിഷേധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 100ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിസി അമല്‍, പ്രസിഡന്റ് പി താജുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version