സാമൂഹികമാധ്യമങ്ങളില്‍ കളിയാക്കിയതിന്റെ വൈരാഗ്യം; ഒമ്പതാംക്ലാസ്സുവരെ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടുകാരനെ കല്ലെറിഞ്ഞും വെട്ടിയും കൊന്നു

കൊടുമണ്‍: ഒമ്പതാംക്ലാസ്സുവരെ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടുകാരനെ കല്ലെറിഞ്ഞും വെട്ടിയും കൊന്നശേഷം കുഴിച്ചുമൂടി. പത്തനംതിട്ടയിലാണ് കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ പോലീസ് പിടികൂടി.

സാമൂഹികമാധ്യമങ്ങളില്‍ കളിയാക്കിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ ശേഷമാണ് രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. നേരത്തെ പ്രതികളില്‍ ഒരാളെ അഖില്‍ സമൂഹമാധ്യമത്തിലൂടെ കളിയാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിയിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച രാവിലെ 10.30-ന് അഖിലിനെ സുഹൃത്തുക്കളില്‍ ഒരാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി. പിന്നീട് മറ്റൊരു സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേര്‍ന്നു. ഉച്ചയോടെ സൈക്കിളില്‍ മൂന്നുകിലോമീറ്റര്‍ ദൂരത്തുള്ള അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെത്തി. സ്‌കൂള്‍ മാനേജരുടെ കദളിവനം കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തുടര്‍ന്ന് പ്രതികള്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തുകയും ശേഷം സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇട്ടു.

ആളൊഴിഞ്ഞ സ്ഥലത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമപ്പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി ചോദ്യചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇരുവരും കാണിച്ചുകൊടുത്തതോടെ വിവരം പോലീസിനെ അറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ പുറത്തെടുപ്പിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ്ചെയ്തു.

കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖില്‍. അഖിലിന്റെ അമ്മ: മിനി. സഹോദരി: ആര്യ.

Exit mobile version