കരള്‍ പകുത്ത് നല്‍കിയിട്ടും രക്ഷിക്കാനായില്ല; നാടിനെ കണ്ണീരിലാഴ്ത്തി വിഷ്ണു യാത്രയായി; ഒടുവില്‍ മൃതദേഹം വിട്ടുനല്‍കാതെ ആശുപത്രിയുടെ ക്രൂരതയും

ബില്‍ തുകയായ 14 ലക്ഷം രൂപ അടയ്ക്കാന്‍ വിഷ്ണുവിന്റെ കുടുംബത്തിന് മാര്‍ഗമില്ലായിരുന്നു.

ഹരിപ്പാട്: കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടും ആ കുടുംബത്തിന്റെ ഏകപ്രതീക്ഷയായ വിഷ്ണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി വീണയാണ് വിഷ്ണുവിന് കരള്‍ പകുത്ത് നല്‍കിയത്. എന്നാല്‍ ഒടുവില്‍ നാടിനെയാകെ കണ്ണീരിലാഴ്ത്തി വിഷ്ണു യാത്രയായി. താമല്ലാക്കല്‍ വിഷ്ണു ഭവനത്തില്‍ വിക്രമന്റെ മകന്‍ വിഷ്ണു(24) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.

ഇതിനിടെ, ആശുപത്രിയിലെ കുടിശിക മുഴുവന്‍ അടച്ചുതീര്‍ക്കാതെ മൃതദേഹം വിട്ടു നല്‍കില്ലെന്നു അധികൃതര്‍ അറിയിച്ചതോടെ കുടുംബം പൂര്‍ണ്ണമായും തകര്‍ന്നുപോയി. ബില്‍ തുകയായ 14 ലക്ഷം രൂപ അടയ്ക്കാന്‍ വിഷ്ണുവിന്റെ കുടുംബത്തിന് മാര്‍ഗമില്ലായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മൃതദേഹം വിട്ടു നല്‍കിയത്.

വിഷ്ണുവിന്റെ പിതാവ് വിക്രമന്‍ സൈക്കിളില്‍ മീന്‍ കച്ചവടം നടത്തുന്ന ആളാണ്. അമ്മ പ്രഭ തൊഴിലുറപ്പ് ജോലിക്കു പോകുന്നു, കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു വിഷണു. ഇലക്ട്രീഷ്യനായ വിഷ്ണുവിന് കരള്‍ രോഗം പിടിപ്പെട്ടതോടെ കടുംബം പ്രതിസന്ധിയിലായി. അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ സഹോദരി വീണയാണ് കരള്‍ പകുത്ത് നല്‍കിയത്.

നാട്ടുകാരുടേയും സന്നദ്ധസംഘടനകളുടേയും സഹകരണത്തോടെ ചികിത്സാസഹായ നിധി രൂപീകരിച്ച് 19 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നു. കൂടാതെ ആകെയുള്ള 10 സെന്റ് വസ്തുവും വീടും വില്‍ക്കാന്‍ കരാര്‍ എഴുതിയും കടം വാങ്ങിയും ബാക്കി തുക കണ്ടെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും വിഷ്ണുവിനെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം ബാക്കിയാവുകയാണ് ഈ കുടുംബത്തിന്.

Exit mobile version