കൊവിഡിനെ പ്രതിരോധിക്കുന്നവരുടെ ജീവനും വേണം കരുതൽ; ആരോഗ്യപ്രർത്തകർക്ക് പിപിഇ കിറ്റ് സമ്മാനിച്ച് തലശ്ശേരി ഡിവൈഎഫ്‌ഐ

തലശ്ശേരി: കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള തലശ്ശേരിയ്ക്ക് തങ്ങളാലാകും വിധം കൈത്താങ്ങായി ഡിവൈഎഫ്‌ഐ പ്രവർത്തകർ. ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 പിപിഇ (പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് കിറ്റ്) കിറ്റുകൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് സമ്മാനിച്ചിരിക്കുകയാണ്.

വിലകൂടിയതും ഒരിക്കൽ ഉപയോഗിച്ചാൽ ഉപയോഗ ശൂന്യമാകുന്നതുമായ പിപിഇ കിറ്റുകൾക്ക് സംസ്ഥാന തലത്തിൽ തന്നെ ലഭ്യത കുറവുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സദാസന്നദ്ധരായിരിക്കുന്ന ആരോഗ്യപ്രവർത്തകരെ പിപിഇ കിറ്റ് സമ്മാനിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ആദരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രമാണ് തലശ്ശേരി ജനറൽ ആശുപത്രി. തലശ്ശേരിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏറെയും റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കൊവിഡ് പരിശോധനയും തലശ്ശേരി ജനറൽ ആശുപത്രിയിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പിപിഇ കിറ്റിന് ദൗർലഭ്യവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സഹായവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് പിയൂഷ് നമ്പൂതിരിക്ക് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മനു തോമസിന്റെ നേതൃത്വത്തിലാണ് പിപിഇ കിറ്റുകൾ കൈമാറിയത്. ഡിവൈഎഫ്‌ഐ നേതാക്കളായ മുഹമ്മദ് അഫ്‌സൽ, എകെ രമ്യ, സിഎൻ ജിഥുൻ, പിവി സച്ചിൻ, എൻപി ജസീൽ, എസ്‌കെ അർജുൻ എന്നിവർ നേരിട്ടെത്തിയാണ് കിറ്റുകൾ സമ്മാനിച്ചത്.

ഡിവൈഎഫ്‌ഐയുടെ ഈ മാതൃക പിന്തുടർന്ന് ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ കിറ്റുകൾ സമ്മാനിക്കാൻ സന്നദ്ധ സംഘടനകളും യുവാക്കളുടെ കൂട്ടായ്മകളും ഇപ്പോൾ മുന്നോട്ടുവന്നിട്ടുമുണ്ട്. പിപിഇ കിറ്റിന് പുറമെ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ സൗജന്യമായി ഉച്ചഭക്ഷണവും എത്തിക്കുന്നുണ്ട്.

Exit mobile version