സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുത്; കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണം; ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് നിര്‍ബന്ധമാക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരെ സാലറി ചലഞ്ചില്‍ നിന്നൊഴിവാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സാലറി ചലഞ്ചിനായി പ്രത്യേക അക്കൗണ്ട് വേണം. പ്രളയദുരിതാശ്വാസത്തില്‍ തട്ടിപ്പ് നടന്നതുപോലെയാകരുത്. അനാവശ്യ ധൂര്‍ത്തും ചെലവും സര്‍ക്കാര്‍ ഒഴിവാക്കണം. സാലറി ചലഞ്ചുമായി പ്രതിപക്ഷം സഹകരിക്കും. പറ്റാവുന്നവര്‍ ഇതുമായി സഹകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ മുന്‍കൂര്‍ പണം നല്‍കിയത് അനാവശ്യ നടപടിയാണ്. സര്‍ക്കാര്‍ പരസ്യങ്ങള്‍ പരിമിതപ്പെടുത്തണം. സ്വകാര്യ ഏജന്‍സികളുമായുള്ള കരാറുകള്‍ റദ്ദാക്കണം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇവ വാങ്ങാന്‍ സംവിധാനം ഉണ്ടാക്കണം.കെല്‍ട്രോണിന് അധികതുക അനുവദിച്ച നടപടി സര്‍ക്കാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാല്‍ സംഭരണം നിര്‍ത്തിവെക്കരുത്, തുടരണം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണം. അവശ്യവസ്തുക്കളുടെ വില പിടിച്ചു നിര്‍ത്തണം. കര്‍ണാടകത്തില്‍ പോയി കൃഷി ചെയ്യുന്ന മലയാളികളുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങണമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version