മദ്യം അത്യാവശ്യമാണോ? ലഭിക്കണമെങ്കിൽ ഒപി ടിക്കറ്റും ഡോക്ടറുടെ കുറിപ്പും പാസും വേണം; കർശ്ശന നിബന്ധനകളോടെ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കടുത്ത മദ്യപാനികളിൽ ഉണ്ടാകുന്ന വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറക്കി. പിൻവാങ്ങൽ ലക്ഷണമുള്ളവർ (വിഡ്രോവൽ സിൻഡ്രോം) സർക്കാർ ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കണം. എക്‌സൈസ് ഓഫീസിൽനിന്ന് ലഭിക്കുന്ന പാസ് ഉപയോഗിച്ച് മദ്യം വാങ്ങാം. ഒരാൾക്ക് ഒന്നിൽ അധികം പാസുകളും ലഭിക്കില്ല.

തിങ്കളാഴ്ചയും മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി-എക്‌സൈസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിശ്ചിത അളവിലാകും മദ്യം നൽകുക. മദ്യം ലഭിക്കാത്തതു മൂലം അസ്വസ്ഥതകൾ ഉണ്ടാവുകയാണെങ്കിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചെല്ലുകയും അവിടെനിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസിൽ ഹാജരാക്കുകയും വേണം.

അതേസമയം, സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ ഉത്തരവിനെതിരെ രംഗത്തെത്തി. തങ്ങൾ ഇത്തരത്തിൽ കുറിപ്പടി നൽകില്ലെന്നാണ് സംഘടനയുടെ നിലപാട്.

വിഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് മദ്യം ലഭിക്കണമെങ്കിൽ:

*ഇഎസ്‌ഐ അടക്കമുളള പിഎച്ച്‌സി/ എഫ്എച്ച്‌സി, ബ്ലോക്ക് പിഎച്ച്‌സി/ സിഎച്ച്‌സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ പിൻവാങ്ങൽ ലക്ഷണങ്ങളുമായി എത്തിച്ചേരുന്നവർ ബന്ധപ്പെട്ട ആശുപത്രികളിൽ നിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.

*പരിശോധിക്കുന്ന ഡോക്ടറുടെ പക്കൽനിന്നും പ്രസ്തുത വ്യക്തി ‘alcohol withdrawal Sy/100011’ പ്രകടിപ്പിക്കുന്നുവെന്ന് ബോധ്യപ്പെട്ട് നൽകുന്ന ഒരു രേഖ/അഭിപ്രായക്കുറിപ്പ് ഹാജരാക്കുന്ന പക്ഷം അയാൾക്ക് നിശ്ചിത അളവിൽ മദ്യം വിതരണം ചെയ്യാവുന്നതാണ്.
*ഇപ്രകാരം ഡോക്ടർ നൽകുന്ന രേഖ/അഭിപ്രായകുറിപ്പ്, രോഗിയോ/രോഗി സാക്ഷ്യപ്പെടുത്തുന്ന മറ്റൊരാളോ സമീപത്തുളള എക്‌സൈസ് റേഞ്ച് ഓഫീസ് സർക്കിൾ ഓഫീസിൽ ഹാജരാക്കണം.

Exit mobile version