സംസ്ഥാനത്ത് ലോക്ക്ഡൗൺ: ഏപ്രിൽ 30 വരെ കേരളത്തിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

high-court_

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്നതിനിടെ കേരളത്തിലെ വിചാരണ തടവുകാർക്കും, റിമാൻഡ് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏപ്രിൽ 30 വരെയാണ് നിലവിൽ ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ ഏപ്രിൽ 30 വരെയാണ് ജാമ്യമെങ്കിലും ലോക്ക് ഡൗൺ കാലാവധി നീളുകയാണെങ്കിൽ ഇതിനനുസരിച്ച് ജാമ്യ കാലാവധിയും നീട്ടും.

ഏഴ് വർഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നവർക്കാണ് ഇളവ് ലഭിക്കുക. അർഹരായവരെ ജയിൽ സൂപ്രണ്ടുമാർ മോചിപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാലജാമ്യത്തിന് അർഹതയില്ല .

കർശന നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് എത്തിയാൽ ഉടൻ പ്രതികൾ ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിൽ പുറത്തിറങ്ങുന്നവർ ലോക്ക് ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജാമ്യകാലാവധി കഴിയുമ്പോൾ പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം തുടരുന്നത് സംബന്ധിച്ച് വിചാരണക്കോടതി തീരുമാനം എടുക്കും.

Exit mobile version