ഒഴിഞ്ഞുകിടക്കുന്ന സുഹൃത്തിന്റെ ഫ്‌ളാറ്റിൽ ക്വാറന്റൈനിൽ കഴിഞ്ഞതിന് ‘ക്രിമിനൽ’ എന്ന വിളിയും; ആംബുലൻസിൽ കയറ്റി അപമാനിക്കലും ; പ്രതിരോധത്തിനിടെ നാണക്കേടായി തിരുവല്ലയിലെ ഈ ഫ്‌ളാറ്റ് അസോസിയേഷൻ പ്രസിഡന്റ്

കൊച്ചി: സ്വന്തം നന്മയേയും സമൂഹത്തിന്റെ നന്മയേയും കരുതി വിദേശത്ത് നിന്നെത്തിയതിന് പിന്നാലെ ഒഴിഞ്ഞ് കിടക്കുന്ന സുഹൃത്തിന്റെ ഫ്‌ളാറ്റ് ഹോം ക്വാറന്റൈനിൽ കഴിയുന്നതിനായി തെരഞ്ഞെടുത്തത് ക്രിമിനൽ കുറ്റമായി അവതരിപ്പിച്ചും യുവാവിനെ അപമാനിച്ചും ഫ്‌ളാറ്റ് അസോസിയേഷൻ പ്രസിഡന്റ്. മാധ്യമപ്രവർത്തകനായ രാജേഷ് കൃഷ്ണയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കൃത്യമായ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുകയും, സ്വയം വാഹനമോടിച്ചും ഫഌറ്റിലെ ലിഫ്റ്റിലെ ബട്ടണുകളിൽ പോലും സ്പർശിക്കാതേയും പുറത്തെവിടേയും ഇറങ്ങാതേയും കഴിച്ചുകൂട്ടിയ മാധ്യമപ്രവർത്തകനോടാണ് ഫ്‌ളാറ്റ് അസോസിയേഷൻ പ്രസിഡന്റ് മോശമായി പെരുമാറിയത്. തിരുവല്ലയിലെ ഫ്‌ളാറ്റ് നൽകിയ സുഹൃത്തുക്കളെ വരെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച ഇയാൾക്കെതിരെ രോഷ കുറിപ്പാണ് മാധ്യമപ്രവർത്തകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ജലദോഷത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് പോകാനിറങ്ങിയ രാജേഷ് കൃഷ്ണയെ ഫ്‌ളാറ്റിൽ നിന്നും ആംബുലൻസിൽ തന്നെ കയറ്റി കൊണ്ടുപോകണമെന്ന് DMO വാശി പിടിച്ചതാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് കുറിപ്പിൽ പറയുന്നു. ഒടുവിൽ ഫലം വന്നപ്പോഴാകട്ടെ കൊറോണ നെഗറ്റീവും. ഇത്രയേറെ അപമാനിച്ച സർക്കാരുദ്യോഗസ്ഥനായ ഇയാൾ സ്വയം പ്രസിഡന്റ് എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നതെന്ന് രാജേഷ് പരിഹസിക്കുന്നു. ഫ്‌ളാറ്റിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കഴിഞ്ഞതൊക്കെ ഫ്‌ളാറ്റ് പ്രസിഡന്റ് ക്രിമിനൽ കുറ്റമായാണ് അവതരിപ്പിച്ചതെന്ന് ഓർത്തെടുക്കുകയാണ് ഈ കുറിപ്പിൽ.

രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘ഞാൻ പ്രസിഡന്റാണ് സംസാരിക്കുന്നത്’

ടെസ്റ്റിനായി ആമ്പുലൻസിൽ തിരുവല്ലയിലെ ഫ്‌ലാറ്റിൽ നിന്ന് കോഴഞ്ചേരി ഗവർമെന്റ് ആശുപത്രിയിലേക്കുള്ള യാത്രയിലാണ് ഈ കോൾ വന്നത്. പ്രസിഡന്റ് എന്ന് പറഞ്ഞാൽ പ്രഥമപുരുഷനാണെന്ന് പണ്ട് സ്‌കൂളിൽ പഠിച്ചിട്ടുണ്ട്.

ഇത് ഇന്ത്യൻ പ്രസിഡന്റാണോ ?
ഓ പിന്നേ ഇന്ത്യൻ പ്രസിഡന്റ.
പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും ?
അല്ലന്നെ
എന്നാ ബ്ലോക്ക് അതുമല്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് ?
അതുമല്ല 4ലും മൂന്നും 7 പേരുള്ള ഒരു ഊച്ചാളി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എങ്കിലും അല്ലെന്ന് പറയരുത്.? അതും അല്ല.

അദ്ദേഹം പറയുന്നത് താൻ അതിലൊക്കെ പ്രധാനി ആണെന്നാണ്. അദ്ദേഹം ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണത്രേ …!

കഴിഞ്ഞ 21 ന് കാലത്തു നേരിയ തൊണ്ട വേദനയും ശ്വാസതടസവും (അലർജിയുടെ ഭാഗമായി സ്ഥിരമായി ഉണ്ടാകാറുള്ളതാണെങ്കിലും ) കണ്ടതിനെ തുടർന്ന് ജില്ലാ കളക്ടറെ ബന്ധപ്പെട്ടപ്പോൾ നമുക്കിതിൽ ചെറിയ റിസ്‌ക് പോലും വേണ്ട എന്ന് പറയുകയും ടെസ്റ്റിനായി ആശുപത്രിയിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു .
ഫ്‌ലാറ്റിലുള്ള മറ്റുള്ളവരെ പേടിപ്പിക്കാതെ ഇറങ്ങണം എന്നതിനാൽ തിരുവല്ല ആശുപത്രി വരെ എന്റെ കാറിൽ എത്തി അവിടെ നിന്ന് കോഴഞ്ചേരിയിലേക്ക് ആമ്പുലൻസിലും പോകാമെന്ന് കോർഡിനേറ്റ് ചെയ്ത ഡോക്ടറുമായി ധാരണയിലെത്തിയിരുന്നെങ്കിലും
ഒരാളുടെ പിടിവാശി കാരണം അത് നടന്നില്ല. ഫ്‌ലാറ്റിൽ നിന്ന് തന്നെ ആമ്പുലൻസിൽ കൊണ്ടുപോയേ പറ്റു അത്രേ. അതാണത്രേ പ്രോട്ടോക്കോൾ . ഞാനാകട്ടെ രാവ് പകലാക്കി അദ്ധ്വാനിച്ചു കൊണ്ടിരുന്ന ആരോഗ്യ പ്രവർത്തകനുമായി തിരിച്ചു വാശി പിടിക്കാനുള്ള മൂഡിലും ആയിരുന്നില്ല.

6.45 ന് ഗേറ്റിൽ എത്തിയതായി ആമ്പുലൻസ് ഡ്രൈവർ വിളിച്ചു പറഞ്ഞു. അവിടെ ഒതുക്കിയിടൂ ഞാൻ ഇറങ്ങി വരാം എന്ന് പറഞ്ഞത് ആ മനുഷ്യന് മനസ്സിലായി. മെഡിക്കൽ ഡിഗ്രിയും വളയം പിടിയും തമ്മിൽ മർക്കടമുഷ്ടിയും വകതിരിവും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മനസ്സിലായി…!

ചില പോലീസുകാരെപ്പറ്റി കേട്ടിട്ടുണ്ട്, എന്ത് കേസായാലും പ്രതിയെ വിലങ്ങ് വച്ച് നടത്തി നഗര പ്രദക്ഷിണം നടത്തിയാലേ അവർക്കൊരു തൃപ്തി വരൂ എന്ന്. അതേ പോലെയാണ് സ്ഥലം DMO പെരുമാറിയത്. അതോടെ നമ്മടെ പ്രസിഡന്റിന്റെ ഉത്തരവാദിത്തബോധം അങ്ങ് തികട്ടി വന്നു…!

അവിടെ താമസിച്ചു എന്ന പേരിൽ, ആ സംഭാഷണത്തിൽ പലവട്ടം എന്നെയും, പിന്നീട് ആ ഫ്‌ലാറ്റിന്റെ ഉടമസ്ഥരായ എന്റെ സുഹൃത്തുക്കളെയും ‘ക്രിമിനൽ’ എന്നാണ് നമ്മുടെ സമാരാധ്യനായ പ്രസിഡന്റ് സംബോധന ചെയ്തത്…! ടെസ്റ്റിനായി ഇപ്പോൾ ആശുപത്രിയിൽ പോകുന്നതിന്റെയും, ഫ്‌ളൈറ്റ് ഇറങ്ങിയതു മുതൽ ഞാൻ പാലിച്ച സുരക്ഷാ അച്ചടക്കത്തിന്റെയും കാര്യങ്ങൾ വിശദമായിത്തന്നെ വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. അദ്ദേഹത്തിന് അതൊന്നും കേൾക്കാൻ ക്ഷമയുണ്ടായിരുന്നില്ല.
അവസാനം സഹികെട്ട് ഞാൻ പറഞ്ഞു
‘എന്നാപ്പിന്നെ താൻ എന്താന്ന് വച്ചാ ചെയ്യ് ‘ എന്ന്.
അത്രയിൽ നിർത്തിയ സംയമനത്തിൽ എനിക്കെന്നോട് തന്നെ മതിപ്പ് തോന്നിയ ദിവസമായിരുന്നു അത്…!! ഞാൻ ചെയ്ത ക്രിമിനൽ കുറ്റങ്ങൾ ഒന്നൊന്നായി എന്റെ മുന്നിൽ മാർച്ച് പാസ്റ്റ് നടത്തി.
1. പതിനഞ്ചാം തീയതിയിലെ എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ എന്റെ അടുത്തിരുന്ന ഇംഗ്ലീഷുകാർ കൊറോണ ബാധിതരെന്ന് സംശയമുള്ളവരാണെന്ന് അറിഞ്ഞിട്ടും, എനിക്ക് കിട്ടിയിട്ടുണ്ടെങ്കിൽ അത് മറ്റാളുകൾക്ക് പടരാതിരിക്കാൻ ഞാൻ യാത്ര അവസാനിപ്പിച്ചത് ഒരു ക്രിമിനൽ കുറ്റമാണ്..!
2. എയർപോർട്ടിൽ സുഹൃത്തിന്റെ വണ്ടി കൊണ്ട് തന്ന ഡ്രൈവറെ ഒഴിവാക്കി തനിയെ ഡ്രൈവ് ചെയ്തു തിരുവല്ലയിൽ ഉള്ള എന്റെ സുഹൃത്തിന്റെ ആളൊഴിഞ്ഞ ഫ്‌ലാറ്റിലേക്ക് പോയതും ക്രിമിനൽ കുറ്റമാണ്..!!
3. ആ ഫ്‌ളാറ്റിലെ അന്തേവാസികളുടെ സുരക്ഷയെ കരുതി ലിഫ്റ്റിൽ മുകളിലേക്ക് പോകുമ്പോൾ എന്റെ വിരൽ തൊടാതെ സാനിറ്റയിസർ കൊണ്ട് സ്റ്റെറിലൈസ് ചെയ്ത കീച്ചെയിൻ ഉപയോഗിച്ച് ലിഫ്റ്റ് ബട്ടൺ അമർത്തി മുറിയിലെത്തിയതും ക്രിമിനൽ കുറ്റമാണ്..!!!
4. ആ മുറിയിൽ നിന്ന് ഒരാഴ്ചക്കപ്പുറം ആശുപത്രിയിൽ പോകാൻ മാത്രമേ പുറത്തിറങ്ങി ഉള്ളൂ എന്നതും ക്രിമിനൽ കുറ്റമാണെന്ന് ഞാൻ മനസ്സിലാക്കുന്നു…!!!
5. ഒരു ചെറിയ തൊണ്ടവേദന തോന്നിയപ്പോൾ ഇത് സാധാരണ വരുന്നതല്ലേ എന്ന് അവഗണിക്കാതെ, കൊറോണയെങ്കിൽ കൊറോണ അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് ചിന്തിച്ചതും ക്രിമിനൽ കുറ്റമാണെന്ന് ഞാൻ മനസ്സിലാക്കുന്നു…!!!
6. അസുഖം ആണെങ്കിൽ ഇനി ഇവിടെ നിന്ന് ഈ ഫ്‌ലാറ്റുകാരെ കുഴപ്പത്തിലാക്കണ്ട എന്ന് ചിന്തിച്ചതും ക്രിമിനൽ കുറ്റമാണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു…!!!
7. ഫ്‌ലൈറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ കളക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചെക്കപ്പിന് പോകുന്ന ദിവസം വരെ ഒരാളുമായിപോലും ബന്ധം വച്ച് രോഗവ്യാപനം നടത്തിയില്ല എന്നത് എന്നെ തൂക്കിലേറ്റാൻ പോന്ന ക്രിമിനൽ കുറ്റമായി ഞാൻ മനസ്സിലാക്കുന്നു….!!!!!

എന്തായാലും നെഗറ്റീവാണെന്ന് ടെസ്റ്റ് റിസൽട്ട് കിട്ടി. റിസൽട്ടറിയുമ്പോൾ എന്നെ ഫോണിൽ ഭീഷണിപ്പെടുത്തിയ, എനിക്ക് താമസിക്കാൻ ഫ്‌ലാറ്റ് തന്ന എന്റെ സുഹൃത്തുക്കളെ പുലഭ്യം പറഞ്ഞ ഫ്‌ലാറ്റ് അസോസിയേഷൻ പ്രസിഡന്റിന്റെ കുടുംബക്കാരെ ‘സ്മരിക്ക’ണമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഇത്തരം ‘വൈറസുകൾ’ക്കും കൂടി ഉള്ളതല്ലേ ഈ ഭൂമി എന്ന തിരിച്ചറിവിൽ ആ തീരുമാനം മാറ്റി. എന്നാൽ ഇത് ആയുഷ്‌കാല ‘മോറട്ടോറിയ’മല്ലെന്ന് ആ ‘പൊട്ടക്കുളത്തിലെ തവളയെ’ വിനയപുരസ്സരം ഓർമ്മിപ്പിക്കട്ടെ.

അഡ്മിറ്റായി അടുത്ത ദിവസം വളരെ സൗമ്യമായി എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി ഫ്‌ലാറ്റിൽ ഉള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ,പുഷ്പഗിരി ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ ജോർജ് കോശിയെ നന്ദിയോടെ സ്മരിക്കുന്നു.

ഞാൻ പ്രസിഡന്റാണ് പ്രസിഡന്റാണ് എന്ന് സ്വയം സംബോധന ചെയ്യുന്നതിനപ്പുറം സ്വന്തം പേര് വളർത്താൻ വെളിപ്പെടുത്താൻ ധൈര്യവാന് ധൈര്യമേ ഇല്ലായിരുന്നു. ആശുപത്രി വാസത്തിനിടെ ഇവിടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്നതിനാൽ ‘ഉത്തരവാദിത്തപ്പെട്ട’ സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ജാതകം വരെ ഇപ്പോൾ എന്റെ പക്കലുണ്ട്.

സംഭവങ്ങൾ കൃത്യമായി ഭരണകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എവിടെയെങ്കിലും ഇത്തരം ‘സ്‌പെസിമനുകൾ’ തലപൊക്കിയാൽ സർക്കാർ സംവിധാനത്തെ (കളക്ടർ/SP) അറിയിക്കാൻ ആരും മടിക്കണ്ട. അവിടെത്തന്നെ താമസം തുടർന്നോളാൻ ബന്ധപ്പെട്ടവർ പറഞ്ഞപ്പോൾ എനിക്കും മനസ്സിലായി സർക്കാർ ഒപ്പമുണ്ടെന്ന്. ഇത്തരം വിഷയങ്ങളിൽ ന്യായമുള്ളവരുടെ ഒപ്പം നിൽക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ജില്ലാ സംവിധാനങ്ങൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ പോയിട്ടുണ്ട്. എറണാകുളത്തുള്ള എന്റെ ഒരു സുഹൃത്തിന്റെയടുത്ത് ‘നിങ്ങൾ വാടകക്കാരല്ലേ ക്വോറന്റയിൻ കാലം ഇവിടെ കഴിയാനാവില്ല’ എന്ന് പറഞ്ഞ അസോസിയേഷൻ ഭാരവാഹികൾക്ക് കളക്ടർ നേരിട്ട് വിളിച്ച് മുന്നറിയിപ്പ് കൊടുത്തതായും അറിഞ്ഞു.

എന്തായാലും പ്രസിഡന്റേ, നമുക്ക് കാണാം, കാണണം …!.. ഈ കെട്ട കാലത്ത് ഒരുമിച്ച് നിന്നില്ലെങ്കിൽ പിന്നെ എപ്പോൾ. ലണ്ടനിൽ എന്റെ അടുത്ത ഫ്‌ലാറ്റുകളിൽ ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് എല്ലാ സഹായവും ചെയ്യുന്നത് ഇതുവരെ ഒരു മുൻപരിചയവും കാണിച്ചിട്ടില്ലാത്ത അയൽവാസികളാണ്.

വീണ്ടും, തിരുവല്ലയിലെ എന്റെ സുഹൃത്തിന്റെ അതേ ഫ്‌ലാറ്റിൽ നിന്നും

Exit mobile version