ആക്ഷേപങ്ങൾ സ്വാഭാവികം; എന്നാലും പോലീസ് ബലം പ്രയോഗിക്കേണ്ട; പൊരിവെയിലിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസിന് കുടിവെള്ളം നൽകണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങുന്ന ജനങ്ങൾക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തരുതെന്ന് മുഖ്യമന്ത്രി. പോലീസ് കായികമായി ജനങ്ങളെ നേരിടുന്നതിന് എതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അതേസമയം, ഇത്തരം വിഷയങ്ങളിൽ ആക്ഷേപങ്ങൾ സ്വഭാവികമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സത്യവാങ്മൂലം നൽകി പുറത്തിറങ്ങാൻ ആളുകളെ അനുവദിക്കും എന്നാൽ കബളിപ്പിച്ചാൽ കടുത്ത നടപടിയെടുക്കും. കടുത്ത വെയിലിലും ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് കുടിവെള്ളം നൽകാൻ ശ്രദ്ധിക്കണം. റസിഡെൻസ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ മുൻകയ്യെടുക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിൽ കാസർകോട് ജില്ലയിൽ മാത്രം 34 കേസുണ്ട്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം. ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിന് എത്തിയത്, സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

Exit mobile version