വയനാട്ടില്‍ ആദ്യ കൊറോണ കേസ്; അബുദാബിയില്‍ നിന്നുമെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചു; അടുത്ത് ഇടപഴകിയ മൂന്ന് പേര്‍ നിരീക്ഷണത്തില്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബൂദാബിയില്‍ നിന്നുമെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് വയനാട് ജില്ലയില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ജില്ല കനത്ത ജാഗ്രതയിലാണ്.

മറ്റ് ജില്ലകളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വയനാട് ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ശക്തമാക്കിയിരിന്നു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ പ്രഥമിക സമ്പര്‍ക്കപ്പട്ടിക പുറത്തിറക്കി. ഇതില്‍ മൂന്നുപേരാണുള്ളത്. ഇവര്‍ മൂന്നുപേരും നേരത്തെ തന്നെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 22ന് ഇവൈ 284 എന്ന ഫ്‌ളൈറ്റിലാണ് അബുദാബിയില്‍ നിന്ന് ദുബായ് വഴി കരിപ്പൂരില്‍ ഇറങ്ങിയത്. അപ്പോള്‍ത്തന്നെ ചെറിയതോതില്‍ പനിയുണ്ടായിരുന്ന അദ്ദേഹം എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്. എത്തുന്നതിനു മുന്‍പുതന്നെ വീട്ടിലുള്ള മുഴുവന്‍ ആളുകളെയും മാറ്റിയിരുന്നു.

നിര്‍ദേശങ്ങള്‍ പാലിച്ച അദ്ദേഹം വീട്ടില്‍നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ പോയാണ് സാമ്പിള്‍ നല്കിയത്. ഈ സമയം സഹോദരന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. സഹോദരന്‍, ആംബുലന്‍സ് ഡ്രൈവര്‍, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേയ്‌ക്കെത്തിച്ച ടാക്‌സി ഡ്രൈവര്‍ എന്നിവരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ള മൂന്നുപേര്‍.

അതേസമയം, ഇദ്ദേഹത്തിനൊപ്പം ഫ്‌ളൈറ്റിലെത്തിയ മൂന്നുപേര്‍ വയനാട്ടുകാര്‍ തന്നെയാണെന്നാണ് സൂചന. അവരെ തിരിച്ചറിയാന്‍ ശ്രമം നടത്തുന്നുണ്ട്. വിമാനത്തില്‍ വന്ന മറ്റുള്ളവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version