കണ്ണൂരിന് കൈത്താങ്ങായി കെകെ രാഗേഷ് എംപി; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഐസി യൂണിറ്റ് തുടങ്ങാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് 19 വൈറസിന്റെ ചികിത്സാര്‍ത്ഥം പ്രത്യേക ഐസി യൂണിറ്റ് തുടങ്ങുന്നതിന് കെകെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. കൊവിഡ് 19 വൈറസ് ബാധമൂലം 122 പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. വൈറസ് ബാധമൂലം സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലും ചികിത്സയിലുമുള്ളത്.

ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഐസി യൂണിറ്റ് കൂടി പുതുതായി സ്ഥാപിക്കുന്നത്. ഈ യൂണിറ്റിലേക്ക് നവീന വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, ഡിഫി ബ്രൈലേറ്റര്‍, ഇസിജി മെഷിന്‍, ക്രാഷ് കാര്‍ട്ട് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് കെകെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.

കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപിനേയും പ്രിന്‍സിപ്പാള്‍ ഡോ എന്‍ റോയിയേയും വിളിച്ച് രാഗേഷ് എംപി നേരത്തേ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. പരിയാരം മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗിയെ അസുഖം മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇനിയും ഇത്തരത്തില്‍ വൈറസ് ബാധയുമായി കൂടുതല്‍ ആളുകള്‍ എത്തിയാല്‍ അടിയന്തിര ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കുന്നതിനായി ഒരു ഐസിയു കൂടി ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായാണ് അടിയന്തിര പ്രാധാന്യത്തോടെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ ആധുനിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയത്.

Exit mobile version