പാസ്‌പോര്‍ട്ട് കണ്ടുകെട്ടും, ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം

കല്‍പ്പറ്റ: കൊറോണ വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി വയനാടും. കൊറോണ മുന്‍കരുതലിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് ഇത് വഴി വെക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

ജില്ലയില്‍ ജാഗ്രത തുടരണമെന്ന് കൊറോണ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കൂടാതെ ജില്ലയിലെ ഇതുവരെയുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി സംതൃപ്തി അറിയിക്കുകയും ചെയ്തു.
കൊറോണയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്ന് പേര്‍ പിടിയിലായി ഇതേ കേസില്‍ ഇനിയും അറസ്റ്റ് നടന്നേക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.

Exit mobile version