‘ഒരു മഹാമാരി വരുമ്പോള്‍ ആളുകളെ അതിലേക്ക് തളളിവിടുകയാണോ വേണ്ടത്? ‘; ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാഹാമാരി വരുമ്പോള്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. അല്ലാതെ മാഹാമാരി വരുമ്പോള്‍ ആളുകളെ അതിലേക്ക് തള്ളിവിടുകയാണോ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് മീഡിയാ മാനിയയാണ് എന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണ്. ആര് തപസ് ചെയ്താലും ഇന്ദ്രപദം കൈവശപ്പെടുത്താന്‍ വേണ്ടിയാണോ എന്ന് സംശയിക്കുന്ന ഇന്ദ്രന്റെ മാനസികാവസ്ഥയാണ് ചിലര്‍ക്കെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ യശസ് കൂടിപ്പോകുന്നത് ഗൗരവമായി കാണണമെന്നാണ് ചിലര്‍ പറയുന്നത്. എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത്. ആളുകളെ തളളിവിടുകയാണോ വേണ്ടത്?. ഇങ്ങനെ ഒരു മഹാമാരി വരുമ്പോള്‍ ഒത്തൊരുമിച്ച് നില്‍ക്കുകയല്ലേ വേണ്ടത്?. ജാഗ്രത പാലിച്ച് മുന്നോട്ടുപോകേണ്ട സമയമല്ലേ. ഈ സമയത്ത് ഏത് പക്ഷം, ഏത് മുന്നണി എന്നൊക്കെ നോക്കുകയാണോ വേണ്ടത്?. ഇതൊക്കെ നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍?. ആ മനുഷ്യന്റെ കൂടെയല്ലേ നാം നില്‍ക്കേണ്ടത്.’- ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

Exit mobile version