കോട്ടയത്തെ വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; കോവിഡ് 19 ആശങ്കകൾക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധദമ്പതികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. 86-89 പ്രായത്തിലുള്ള വൃദ്ധദമ്പതികൾക്കു കൊറോണ ബാധിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതനായ ഗൃഹനാഥന്റെ മാതാപിതാക്കളാണ് ഇവർ. ഹൃദ്രോഗി കൂടിയായ 86കാരിയുടെ ആരോഗ്യനിലയിൽ കടുത്ത ആശങ്ക ഉണർന്നുവെങ്കിലും ഇവർ സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്തുവിടും. ആശുപത്രിയിൽ കഴിയുന്ന ഇവരുടെ കുട്ടിക്ക് രോഗബാധയില്ലെന്നും സ്ഥിരീകരിച്ചു.

കോവിഡ് ബാധിതരായ കോന്നി സ്വദേശികളെ വിമാനത്താവളത്തിൽ നിന്ന് അനുഗമിച്ച ചെങ്ങളം സ്വദേശികളായ ദമ്പതികൾക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരും റാന്നിയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചും ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ രണ്ട് കൂട്ടരും നേരിട്ട് സമ്പർക്കം പുലർത്തിയ 74 പേരെ കണ്ടെത്തി. പരോക്ഷ സമ്പർക്കത്തിലുണ്ടായിരുന്ന മുന്നൂറിലേറെ പേരെയും തിരിച്ചറിഞ്ഞു. കൂടുതൽ പേരെ കണ്ടെത്താനാണ് റൂട്ട് മാപ്പ് പുറത്തിറക്കുന്നത്. പുതിയതായി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്നെത്തും. 25 പേരാണ് ഐസൊലേഷൻ വാർഡുകളിലുള്ളത്. ഇതിൽ 5 പേർ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ആകെ 3313പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 293പേർ ആശുപത്രിയിലും ബാക്കിയുള്ളവർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പരിശോധനയ്ക്കയച്ച ഇന്നലെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവായത് ആരോഗ്യപ്രവർത്തകർക്ക് അൽപ്പം ആശ്വാസം പകർന്നിട്ടുമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമായി തുടരുകയാണ്.

അതേസമയം, കോവിഡ് 19 രോഗലക്ഷണങ്ങളോടെ കഴിയുന്നവർ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ലെങ്കിൽ കർശ്ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. നാട്ടിലെത്തുന്ന പ്രവാസികളെ സർക്കാർ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചു വരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികൾ ഉൾക്കൊള്ളമെന്നും മന്ത്രി പറഞ്ഞു.

Exit mobile version