കോടതി വിധി തടസമല്ല; കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമപരമാക്കാന്‍ ഉടന്‍ തന്നെ ബില്ല് കൊണ്ടുവരുമെന്ന് സര്‍ക്കാര്‍

കൊച്ചി: കലാലയങ്ങളില്‍ സംഘടന പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയമം കൊണ്ടുവരുമെന്ന് നിയമസഭയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കലാലയങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ, നിയമം കൊണ്ടുവരുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ യുവ എംഎല്‍എമാരായ എം സ്വരാജും വിടി ബല്‍റാമുമാണ് ശ്രദ്ധ ക്ഷണിക്കല്‍ കൊണ്ടുവന്നത്. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാകാന്‍ ഉടന്‍ തന്നെ ബില്ല് കൊണ്ടുവരുമെന്ന് മറുപടിയില്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധമില്ലാതായാല്‍ അരാഷ്ട്രീയ വാദികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്ന് മന്ത്രി ജലീല്‍ വിശദീകരിച്ചു. സംഘടനാ പ്രര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍ മത ജാതി സംഘടനകളും തീവ്രവാദി സംഘടനകളും കലാലയങ്ങളില്‍ ശക്തമാകുമെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.

Exit mobile version