കാമുകിയെ വഴക്ക് പറഞ്ഞ കെഎസ്ആർടിസി ഡ്രൈവറെ ‘പാഠം പഠിപ്പിക്കാൻ’ സിനിമാസ്റ്റൈലിൽ കാമുകനെത്തി;കാർ കുറുകെയിട്ട് ഷൈൻ ചെയ്ത യുവാവിന് കിട്ടിയത്‌ എട്ടിന്റെ പണി

തൃശ്ശൂർ: കെഎസ്ആർടിസി ഡ്രൈവറെ വഴക്ക് പറഞ്ഞ് കാമുകിയുടെ മുന്നിൽ ‘ഷൈൻ’ ചെയ്യാൻ കാറിൽ പറന്നെത്തിയ യുവാവിന് പറ്റിയത് വൻ അമളി. പിന്നീട് പോലീസ് പൊക്കി കൊണ്ട് പോയതോടെ കാമുകന്റെ ആളാവാകാനുള്ള ശ്രമം ഒരു ദുരന്തമായി തീരുകയായിരുന്നു. കെഎസ്ആർടിസി ബസിനു മുന്നിൽ സിനിമാ സ്‌റ്റൈലിൽ കാറിട്ട് തടഞ്ഞു നിർത്തി ഡ്രൈവരെ മർദ്ദിക്കാനും താക്കോൽ പിടിച്ചുവാങ്ങാനും യുവാവ് ശ്രമിച്ചു.

ബസ് ഡ്രൈവറെ മർദ്ദിക്കുന്നതിനിടെ ബസിന്റെ താക്കോൽ പൊട്ടിയതോടെ ബസിന്റെ ഓട്ടോമാറ്റിക് വാതിൽ തുറന്ന് കാമുകിയെ വിളിച്ചിറക്കാനുള്ള ശ്രമവും പാളി. തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സംഭവം സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ: കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു കോഴിക്കോട് ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് ബസ്. ബസിൽ ഡ്രൈവർ സീറ്റിനു തൊട്ടുപിന്നിൽ ഇരിക്കുകയായിരുന്ന യുവതി ഡ്രൈവർ സീറ്റിലേക്കു കാൽ കയറ്റിവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസ് വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് യുവതി കാൽ ഡ്രൈവർ സീറ്റിലേക്ക് കയറ്റി വച്ചത്. കാൽ ദേഹത്ത് തട്ടിയതോടെ കാൽ മാറ്റാൻ ഡ്രൈവർ യുവതിയോട് ആവശ്യപ്പെട്ടു. പെൺകുട്ടി അനുസരിക്കുകയും ചെയ്തു.

പക്ഷേ ബസ് തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോയുടെ മുന്നിൽ എത്തിയപ്പോഴേക്കും ബസിന്റെ മുന്നിൽ കുറുകെയായി സിനിമാ സ്‌റ്റൈലിൽ ഒരു കാർ പാഞ്ഞു വന്നു നിൽക്കുകയായിരുന്നു. കാറിൽ നിന്നും ചാടിയിറങ്ങിയ യുവാവ് ബസ് ഡ്രൈവറോട് തട്ടിക്കയറി. പെൺകുട്ടിയോടു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കാനും ശ്രമിച്ചു.

ബസിന്റെ താക്കോൽ വലിച്ചൂരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ അത് പൊട്ടിപ്പോവുകയും ചെയ്തു. പിടിവലിക്കിടെ സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടുകളും സംഭവിച്ചു. താക്കോൽ ഒടിഞ്ഞതോടെ ബസിന്റെ ഓട്ടോമാറ്റിക്ക് വാതിൽ ലോക്കായി. ഇതോടെ യുവതിയുമായി കാറിൽ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം പാളി.

തുടർന്ന് ബസ് സ്റ്റാൻഡിനകത്തേക്ക് ഡ്രൈവർ ഓടിച്ചു കയറ്റിയിട്ടു. തുടർന്ന് പെൺകുട്ടിയെ അന്വേഷിച്ച് യുവാവ് സ്റ്റാൻഡിന് അകത്തേക്കും യുവാവിനെ തേടി പെൺകുട്ടി കാറിന് അടുത്തേക്കും ഓടി. ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ യുവാവിനെതിരെയും ബസ് ഡ്രൈവർക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയിലാണ് ബസ് ഡ്രൈവർക്ക് എതിരെയുള്ള കേസ്.

Exit mobile version