സംസ്ഥാനത്ത് ഉടൻ മഴ പെയ്തില്ലെങ്കിൽ എല്ലാം തകിടം മറിയും; ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിനെ പൊള്ളിച്ച് അനുദിനം ചൂട് വർധിക്കുന്നു. ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക.

അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലായി അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല. പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്.

ഇതേ രീതിയിൽ ചൂട് വർധിച്ചുകൊണ്ടിരുന്നാൽ വരും ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഉടൻ മഴ ലഭിച്ചില്ലെങ്കിൽ സാഹചര്യം വഷളാക്കും. ഉഷ്ണ തരംഗത്തിലേക്കും സംസ്ഥാനത്തെ നയിച്ചേക്കും. പാലക്കാട്, പുനലൂർ, കോട്ടയം എന്നീ സ്ഥലങ്ങൾക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് തരുന്നു. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

Exit mobile version