പുറത്തിറങ്ങി കളിക്കാൻ പോലും ഇഷ്ടമില്ലാത്ത ദേവനന്ദ തനിച്ച് അത്ര ദൂരം പോകില്ലെന്ന് നാട്ടുകാർ

കൊല്ലം: കേരളക്കര ഒന്നാകെ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും ഇന്ന് രാവിലെയോടെ കാതുകളിൽ എത്തിയത് വേദനിപ്പിക്കുന്ന വാർത്ത. ഇന്നലെ രാവിലെ വീട്ടിൽ നിന്നും കാണാതായ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹം വീട്ടിൽ നിന്നും അത്ര അകലെയല്ലാത്ത ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെടുത്തു. മുങ്ങൽ വിദഗ്ധർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ദേവനന്ദയുടെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെയുള്ള പുഴയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പുഴയിൽ കുറ്റിക്കാടിനോട് ചേർന്ന് കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

അതേസമയം ദേവനന്ദ തനിച്ച് അവിടേക്ക് ചെറിയ ദൂരമാണെങ്കിൽ പോലുംപോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. പുറത്തിറങ്ങി കളിക്കുകയോ തനിച്ച് ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങൾ ഇനി അന്വേഷണത്തിൽ കണ്ടെത്താനിരിക്കുന്നതേയുള്ളു.

എന്നാൽ മുങ്ങൽ വിദഗ്ധർ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നും മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയിൽ ഇന്നലെയും മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ പത്തരയ്ക്കാണ് വീടിനകത്ത് നിന്ന് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്. കുട്ടിയെ കണ്ടെത്തുന്നതിനായി ചാത്തന്നൂർ എസിപിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘം അന്വേഷണം രൂപീകരിച്ച് സംസ്ഥാനമൊട്ടാകെ തെരച്ചിൽ ആരംഭിച്ചിരുന്നു. സൈബർ വിദഗ്ധരടക്കം 50 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ, സംസ്ഥാന അതിർത്തികളിൽ തിരച്ചിൽ കർശനമാക്കിയ പോലീസ് ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനിലും ശക്തമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാലുമാസം പ്രായമുള്ള ഇളയ കുഞ്ഞിനരികിൽ ദേവനന്ദയെ ഇരുത്തിയാണ് അമ്മ ധന്യ വീടിന് പുറകിൽ തുണി അലക്കാനായി പോയത്. എന്നാൽ പിന്നീട് ഇവർ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേൾക്കാതായതോടെയാണ് വീടിന്റെ മുൻവശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. മകളെ ചുറ്റുപാടും നോക്കിയെങ്കിലും കാണാതായതോടെ ധന്യ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയും പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെടുകയുമായിരുന്നു. ദേവനന്ദയുടെ അച്ഛൻ പ്രദീപ് ഇന്ന് വിദേശത്തുനിന്നും എത്തും.

Exit mobile version