പഠനം മാത്രമല്ല, ഈ ഭക്ഷണങ്ങളും വേണം വിജയത്തിന്; വിദ്യാർത്ഥികൾ പരീക്ഷയിലെ മികച്ച വിജയത്തിന് ഇവ ശീലമാക്കൂ

ഫഖ്‌റുദ്ധീൻ പന്താവൂർ

പത്താംക്ലാസ്- ഹയർസെക്കന്ററി പൊതുപരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. പരീക്ഷ അടുക്കും തോറും മാതാപിതാക്കൾക്കാണ് ആധി. കുട്ടികളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾക്കും കാര്യമായ പങ്കുണ്ട്. കുട്ടികൾ നല്ല മാർക്ക് നേടണമെങ്കിൽ നല്ല ബുദ്ധിയും വേണം. അതിനൊരു മാർഗം ഭക്ഷണം തന്നെയാണ്. ഇപ്പോൾ മുതൽ ശീലിച്ച് തുടങ്ങിയാലും മതി മക്കൾക്ക് ഉന്നതവിജയം ലഭിക്കും.

പരീക്ഷയിലെ വിജയവും ഭക്ഷണവും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. നന്നായി പരീക്ഷ എഴുതാനും മികച്ച വിജയം നേടാനും ബുദ്ധിയെ ഉണർത്തുന്ന ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. പരീക്ഷാകാലത്തെ കുട്ടികളുടെ ചെറിയകാര്യങ്ങളിൽ പോലും ബുദ്ധിപരമായ ശ്രദ്ധ നൽകിയാൽ പരീക്ഷ എളുപ്പമാകും. സത്യത്തിൽ നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമാണെന്ന പോലെ നമ്മുടെ ഭക്ഷണം ബുദ്ധിയുടെ വളർച്ചക്കും അത്യാവശ്യമാണ് .ചിന്തിക്കുമ്പോഴും പഠിക്കുമ്പോഴും ഓർത്തെടുക്കുമ്പോഴും തലച്ചോറ് കാര്യമായി അധ്വാനിക്കുന്നുണ്ട് .കൂടുതൽ ഊർജ്ജം ആവശ്യമാണ് .അതിനാൽ തലച്ചോറിന് ക്ഷീണം വരാതെ ഉണർവ്വുണ്ടാക്കുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം. ഇനി മുതൽ ഇതാകട്ടെ നമ്മുടെ മെനു.

ഒന്നാമതായി മനസ്സിലാക്കേണ്ടത് വയറ് നിറച്ച് കഴിച്ചാലും പട്ടിണി കിടന്നാലും തലച്ചോറിലെ ബുദ്ധികേന്ദ്രങ്ങളെ ഉണർത്താനാവില്ല എന്നാണ് . പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ബ്രയിൻ ഫുഡ് എന്നാണ് ഇതിനെ വിളിക്കേണ്ടത്. പോഷകസമൃദ്ധമാകണം പ്രാതൽ. പുട്ടും കടലയും ,ഇഡ്ഡലിയും സാമ്പാറും ,മുളപ്പിച്ച പയർവർഗങ്ങൾ കൊണ്ടുള്ള വിഭവങ്ങളും പഴങ്ങളും പച്ചക്കറികളും ഇതൊക്കെയാകട്ടെ പ്രാതൽ. കൊഴുപ്പ് കൂടിയതും വറുത്തതും പൊരിച്ചതും ഇന്നു മുതൽ ഉപേക്ഷിക്കാൻ മറക്കണ്ട.

കോഫി കഴിക്കുന്നവരാണെങ്കിൽ അത് നിർത്തിക്കോളൂ. ഓർമകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെടുത്താനേ കോഫിക്ക് കഴിയൂ. ചായ അത്ര വില്ലനല്ല. എങ്കിലും ഗ്രീൻ ടീ ആണെങ്കിൽ സംഗതി ഏറ്റവും നന്നായി. ഓർമ്മയ്ക്കും ബുദ്ധിക്കും ഉണർവ്വുണ്ടാക്കാൻ ഗ്രീൻ ടീ നല്ലതാണ് .

ദിവസവും രണ്ടുലിറ്റർ വെള്ളം കുടിക്കണം. രാവിലെ എഴുന്നേറ്റയുടനെ കാര്യമായി കുടിക്കുക. തലച്ചോറും നാഡീവ്യവസ്ഥയും തമ്മിലുള്ള നല്ല ആശയവിനിമയത്തിന് വെള്ളം അത്യാവശ്യമാണ്. ഏകാഗ്രത കൂടാനും കണക്കിൽ കഴിവ് വർദ്ധിക്കാനും വെള്ളം കൂടുതലായി കുടിച്ചാൽ മതി. പിന്നെ ക്ഷീണം കുറയും, ഉന്മേഷം കൂടും.

മത്സ്യവും മാംസവും ഇലക്കറികളും കഴിക്കുന്നത് ഗുണകരമാണ്. ഓർമ്മശക്തി കൂടാൻ പച്ച, മഞ്ഞ, ഓറഞ്ച്,നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. ബീൻസ്, അമര, ചെറുപയർ, കരൾ, മാംസം തുടങ്ങിയവയ്ക്കും പോഷകങ്ങൾ കൂടുതലായി ലഭിക്കും. മത്സ്യങ്ങളിൽ മത്തിയും അയലയുമാണ് നല്ലത്.

പരീക്ഷാകാലത്തെ ടെൻഷൻ കുറക്കാനുമുണ്ട് ഭക്ഷണങ്ങൾ. തവിടുകളയാത്ത ധാന്യങ്ങൾ, പയർവർഗങ്ങൾ, ബദാം,കശുവണ്ടിപ്പരിപ്പ്, എന്നിവ കൂടുതലായി കഴിച്ചാൽ ടെൻഷൻ കുറക്കാൻ സഹായിക്കുന്ന ബി വൈറ്റമിനുകളെ ഉൽപ്പാദിപ്പിക്കും .

പാൽ, തൈര്, പാൽ ഉൽപ്പന്നങ്ങൾ പഠനത്തിൽ നല്ല മൂഡ് ലഭിക്കാൻ സഹായിക്കും. ചുരുക്കത്തിൽ നന്നായി പരീക്ഷ എഴുതാനും ഉയർന്ന വിജയം നേടാനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മതി. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളാണ് പരീക്ഷാകാലത്ത് നല്ലത്. തൽക്കാലം ബിരിയാണി പ്രിയന്മാർ പരീക്ഷ കഴിയും വരെ ക്ഷമിക്കുക.

മനസ്സ് മുഴുവൻ എ പ്ലസിനും ഉയർന്ന മാർക്കിനും ഒരുക്കുക. ഇനി ഭക്ഷണത്തിലും ശ്രദ്ധിക്കുക. പരീക്ഷയെ പേടിയോടെ സമീപിക്കരുത്. ഭയന്നാൽ പഠിച്ചതൊക്കെ മറക്കും. ആദ്യം ക്രിസ്മസ് പരീക്ഷയുടെയും അതുകഴിഞ്ഞയുടൻ മോഡൽ പരീക്ഷകളുടെയും പൊതുപരീക്ഷകളുടെയും ദിനങ്ങളാണല്ലോ ഇപ്പോൾ. ധൈര്യമായി പരീക്ഷയെ നേരിടൂ.. വിജയിച്ചു എന്ന് തന്നെ ഉറപ്പിക്കുക. നിങ്ങൾ നിരന്തരം ചിന്തിക്കുന്നതാണ് നിങ്ങളുടെ മനസ്സ്. നിങ്ങൾ എന്തു ചിന്തിക്കുന്നോ അതു നിങ്ങൾക്ക് നേടിയെടുക്കാനാവും. കാരണം മനസ്സിന് അത്രമാത്രം ശക്തിയുണ്ട്. മനസ്സ് നിറയെ പരീക്ഷയുടെ ഉന്നത വിജയമാണെങ്കിൽ തീർച്ചയായും നിങ്ങൾ അതിലേക്കെത്തും. അതിലേക്ക് സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെട്ടല്ലോ.. ഇനിയും വൈകിയിട്ടില്ല. ഇന്നു മുതൽ ഈ ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തി കൃത്യമായി പഠിക്കുക. നിങ്ങൾക്ക് മികച്ച വിജയം ലഭിക്കട്ടെ

(അധ്യാപകനും, മൈന്റ് കൺസൾട്ടന്റുമാണ് ലേഖകൻ 9946025819)

Exit mobile version