ആത്മാഭിമാനം സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തില്‍ ശോഭയ്‌ക്കൊപ്പം; കുറ്റക്കാരെ കണ്ടെത്തും ഡിജിപി

സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്നവര്‍ മുന്നോട്ടുവരണമെന്ന് ഡിജിപി.

തിരുവനന്തപുരം: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അജ്ഞാതര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് കുടുംബജീവിതം പോലും തകര്‍ത്തിട്ടും തളരാതെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ച ശോഭയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ പോലീസ് കണ്ടെത്തും. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ബെഹ്‌റ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ അപമാനിതരാകുന്നവര്‍ മുന്നോട്ടുവരണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. കണ്ടുപിടിക്കാന്‍ കഴിയില്ലെന്ന ധാരണ കുറ്റക്കാര്‍ക്കുവേണ്ട, പോലീസിന്റെ സൈബര്‍ ഫോറന്‍സിക് വിഭാഗം ശക്തമാണന്നും അദ്ദേഹം പറഞ്ഞു.

തന്റെ നഗ്‌നദൃശ്യം താന്‍ തന്നെ പ്രചരിപ്പിച്ചുവെന്ന ഭര്‍ത്താവിന്റെ ആരോപണം തെറ്റാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ ഈ വീട്ടമ്മ തെളിയിച്ചിരുന്നു. നിരവധി പരിശോധനകള്‍ പരാജയപ്പെട്ടിട്ടും യുഎസിലേക്ക് അയച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതും രണ്ടര വര്‍ഷത്തിലേറെ കാത്തിരുന്നാണ് ശോഭയ്ക്ക് അനുകൂല ഫലം ലഭിച്ചിരിക്കുന്നത്.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് അനാസ്ഥ കാണിച്ചിട്ടും നിര്‍ണായകമായത് ഡിജിപിയുടെ ഇടപെടലാണ്.

Exit mobile version