സംശയം തോന്നാത്തവിധത്തില്‍ മുക്കുപണ്ടം പണയം വെച്ച് വന്‍തട്ടിപ്പ്; നഷ്ടപ്പെട്ടത് അരക്കോടിയോളം രൂപ

കൊല്ലം: മുക്കുപണ്ടം പണയം വച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കരുനാഗപ്പള്ളിയിലെ കെഎസ്എഫ്ഇ സിവില്‍ സ്റ്റേഷന്‍ ശാഖയിലാണ് സംഭവം. ശാഖയില്‍ നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. സംഭവത്തില്‍ മാനേജരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുക്കുപണ്ടം മൈനാഗപ്പള്ളി സ്വദേശികളായ ദമ്പതികളുടെ പേരിലാണ് പണയം വെച്ചിരിക്കുന്നത്. ബ്രാഞ്ചിലെ അപ്രൈസര്‍ തേവലക്കര സ്വദേശി ബിജുകുമാറിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

തട്ടിപ്പിനായി ഉപയോഗിച്ച ഗോള്‍ഡ് ലോണ്‍ അപേക്ഷകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പരിശോധനയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 50ഓളം അപേക്ഷകള്‍ വഴി 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Exit mobile version