ഒമ്പത് വർഷമായി കിടപ്പിലായ ജയരാജന് ഇനി സ്വതന്ത്രനായി കുതിക്കാം; സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകി എംഎ യൂസഫലി

കൂലിവേലകൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജൻ പനയിൽ കയറി ഓല വെട്ടുന്നതിനിടയിലാണ് പിടിവിട്ട് താഴെ വീണത്.

കോട്ടയം: അപ്രതീക്ഷിതമായി ഒരു ദിവസം വീണു പോവുകയും പിന്നീട് ഒമ്പത് വർഷം പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പോലും സാധിക്കാതെ കിടപ്പിലാവുകയും ചെയ്ത ജയരാജൻ എന്ന യുവാവിന് സ്വതന്ത്രമായി നടക്കാൻ അവസരം നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ കാരുണ്യം. ഒമ്പത് വർഷം മുമ്പ് പനയിൽ നിന്ന് വീണ് ശരീരം തളർന്ന് വർഷങ്ങളായി കിടപ്പിലായ കോട്ടയം ഏറ്റുമാനൂർ പോരൂർ വടക്കേ പുളന്താനത്ത് ജയരാജൻ (48) ആണ് ലുലു ഗ്രൂപ്പ് ചെയർമാൻ കൈമാറിയ അത്യാധുനിക ഇലക്ട്രോണിക് വീൽചെയർ സമ്മാനിച്ചത്. നിത്യചെലവിന് പോലും വകയില്ലാത്ത കുടുംബത്തിന് അത്യാഘുനിക സൗകര്യങ്ങളുള്ള വിലകൂടിയ വീൽച്ചെയർ ഒരു സ്വപ്‌നം മാത്രമായിരുന്നു. എന്നാൽ ആ ആഗ്രഹം പൂർത്തീകരിച്ച് നൽകിയിരിക്കുകയാണ് എംഎ യൂസഫലി ഇപ്പോൾ.

നാട്ടിലെ കൂലിവേലകൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന ജയരാജൻ പനയിൽ കയറി ഓല വെട്ടുന്നതിനിടയിലാണ് പിടിവിട്ട് താഴെ വീണത്. നട്ടെല്ല് പലസ്ഥലത്തും ഒടിഞ്ഞ് അതീവഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു ജയരാജന്റെ ചികിത്സ. വീണ് പരിക്കേറ്റ ജയരാജന്റെ ശരീരത്തിന്റെ പകുതി ഭാഗവും ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. പരസഹായമില്ലാതെ മലമൂത്ര വിസർജനം പോലും നടത്താൻ കഴിയാതെ ഒമ്പത് വർഷമായി ദുരിതജീവിതം നയിച്ചുവരികയാണ് ഇദ്ദേഹം.

നല്ലൊരു വീൽചെയർ കിട്ടിയാൽ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയിൽ ജയരാജൻ ഫേസ്ബുക്കിലൂടെ എംഎ യൂസഫലിയോട് നടത്തിയ അഭ്യർത്ഥനയാണ് ഒടുവിൽ വഴിത്തിരിവായിരിക്കുന്നത്. അഭ്യർത്ഥന ശ്രദ്ധയിൽ പെട്ട എംഎ യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസ്സിലാക്കി ബാംഗളൂരിൽ നിന്നും പ്രത്യേകമായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീൽചെയർ എത്തിച്ച് നൽകുകയുമായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻബി സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീൽചെയർ കൈമാറി.

പനയിൽ നിന്ന് വീണ് ശരീരം തളർന്ന് വർഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂർ പോരൂർ വടക്കേ പുളന്താനത്ത് ജയരാജ(48)ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎയൂസഫലി നൽകിയ അത്യാധുനിക രീതിയിൽ നിർമ്മിച്ച ഇലക്ട്രോണിക് വീൽ ചെയർ ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻബി സ്വരാജ് കൈമാറുന്നു.

ഹോട്ടൽ പണിക്ക് പോകുന്ന മകന്റെ വരുമാനം മാത്രമാണ് ഇപ്പോൾ കുടുംബത്തിന് ആശ്രയം. ർത്താവ് ഉപേക്ഷിച്ച മകളും രണ്ടു കുട്ടികളും നാല് സെന്റിലുള്ള ഈ കൊച്ചു വീട്ടിലുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞു വീണതോടെ കുടുംബത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമായി. തകർന്ന ഭാഗം ബാനറും ഷീറ്റും വെച്ച് കെട്ടി മറച്ചാണ് താമസം. ജയരാജന് ദിവസവും വേണ്ടിവരുന്ന മരുന്നിൽ ചിലത് പാലിയേറ്റീവ് കെയർ പ്രവർത്തകർ നൽകുന്നുണ്ട്. ചില മരുന്നുകൾ സ്വന്തമായി വാങ്ങണം.

കിടന്നും കസേരയിൽ ഇരുന്നും കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ പേപ്പർ പേന നിർമ്മാണത്തിന് പ്രോത്സാഹനമായി ആ പേനകൾ ജയരാജനിൽ നിന്ന് വില നൽകി വാങ്ങി പിന്തുണ അറിയിച്ചാണ് ലുലുവിൽ നിന്നും എത്തിയവർ മടങ്ങിയത്.

Exit mobile version