പുതിയ വീട്ടില്‍ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന ആഗ്രഹം ബാക്കിയായി, എത്തിയത് ജീവനറ്റ ശരീരവുമായി; രഞ്ജിത്തിനും കുടുംബത്തിനും ജന്മനാട് കണ്ണീരോടെ വിടനല്‍കി

കോഴിക്കോട്: നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും ഭാര്യ ഇന്ദുലക്ഷ്മിയുടേയും മകന്‍ വൈഷ്ണവിനേറെയും മൃതദേഹങ്ങള്‍ മൊകവൂരിലെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 2.35ഓടെയാണ് മൂവരുടേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. രഞ്ജിത്തിന്റെ മൊകവൂരിലെ പുതിയ വീട്ടിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്.

കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ് മരിച്ച രഞ്ജിത്തും ഭാര്യയും. പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം തറവാടുവീടിന്റെ തെക്കുഭാഗത്തുള്ള പറമ്പില്‍ ശവസംസ്‌കാരം നടക്കും.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക് 12.30 ഓടെയാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ മൊകവൂരിലെ വീട്ടിലെത്തിച്ചത്. മന്ത്രി എകെ ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു, എംകെ രാഘവന്‍ എംപി തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു

Exit mobile version