വ്യാജ വൈദ്യന്റെ ചികിത്സയിൽ കൊല്ലത്ത് നൂറോളം പേർ വൃക്ക-കരൾ രോഗ ബാധിതരായ സംഭവം; മൂന്ന് ആന്ധ്രാ സ്വദേശികൾ പിടിയിൽ

അഞ്ചൽ: കൊല്ലം അഞ്ചലിനടുത്ത് ഏരൂരിൽ നാടോടി വൈദ്യന്മാരെന്ന വ്യാജേനെ മരുന്ന് നൽകി നൂറോളംപേരെ വൃക്ക-കരൾ രോഗബാധിതരാക്കിയ സംഭവത്തിൽ മൂന്ന് വ്യാജവൈദ്യന്മാർ അറസ്റ്റിൽ. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാജവൈദ്യന്മാരായ മറ്റുള്ളവരെ കണ്ടെത്താൻ ഏരൂർ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. തെലങ്കാന സ്വദേശികളായ ആറ് വ്യാജ വൈദ്യന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്ന സംഘമാണ് അഞ്ചലിൽ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

ഇവർ ലക്ഷക്കണക്കിന് രൂപയുടെ വ്യാജമരുന്നുകളാണ് നാട്ടുകാർക്ക് ഇടയിൽ വിറ്റഴിച്ചത്. സമാനരീതിയിൽ ഈ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാടോടി വൈദ്യന്മാർ എന്ന വ്യാജേന തെലുങ്കാനയിൽ നിന്നെത്തി പല ചെറുസംഘങ്ങളായി തിരിഞ്ഞ് ചികിത്സ നടത്തുകയായിരുന്നു ഇവർ.

വ്യാജ വൈദ്യന്മാർ നൽകിയ മരുന്ന് കഴിച്ച് കൊല്ലം ഏരൂരിൽ നൂറോളംപേർക്ക് വൃക്ക-കരൾ രോഗങ്ങൾ ബാധിച്ചിരുന്നു. നാല് വയസുകാരൻ ഉൾപ്പടെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. കോട്ടയത്ത് സമാനമായ തട്ടിപ്പിന് പദ്ധതിയിടുന്നതിനിടെയാണ് തെലങ്കാന സ്വദേശികളായ വ്യാജവൈദ്യന്മാർ കസ്റ്റഡിയിലായത്. ഒരിടത്ത് താമസിച്ച് ചികിത്സ നടത്തി മാട്ടുകാരെ കബളിപ്പിച്ച് പണം സമ്പാദിച്ച് ഒരു മാസത്തിനുള്ളിൽ അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് ചികിത്സ തുടങ്ങുകയാണ് സംഘത്തിന്റെ രീതി.

അയ്യായിരം മുതൽ 20000 രൂപ വരെയാണ് ഇവർ ഒരു ദിവസത്തെ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. തെലങ്കാനയിൽ നിന്നുള്ള എട്ടംഗ സംഘമാണ് തട്ടിപ്പ് ചികിത്സയ്ക്ക് പിന്നിലെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ആറുപേർ വ്യാജവൈദ്യന്മാരും രണ്ടുപേർ ഇവരുടെ ഭാര്യമാരുമാണ്. പോലീസ് അന്വേഷണം വ്യാപകമാക്കിയതോടെ മറ്റുള്ള അഞ്ചുപേർ തെലങ്കാനയിലേക്ക് കടന്നെന്നാണ് സൂചന.

Exit mobile version