അലന്റേയും താഹയുടെയും കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ ഹർജിയിൽ കോടതി വിധി ഇന്ന്; താഹയുടെ വീട്ടിലെത്തി ചെന്നിത്തല; രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വിശദീകരണം

കോഴിക്കോട്: പന്തീരങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടിയ അലൻ ഷുഹൈബിന്റേയും താഹ ഫസലിന്റേയും കസ്റ്റഡി ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം.

കോഴിക്കോട് പന്തീരാങ്കാവ് പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരും മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നെന്നും ലഘുലേഖകൾ ഇവരുടെ പക്കൽനിന്നും കണ്ടെത്തിയെന്നുമാണ് പോലീസ് റിപ്പോർട്ട്. പിന്നീട് എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ യുഡിഎഫ് കേസിൽ സജീവമായി ഇടപെടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് പന്തീരാങ്കാവിലെ താഹയുടെ വീട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. രാവിലെ എട്ടിനായിരുന്നു സന്ദർശനം. താഹയുടെ മാതാപിതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ചെന്നിത്തല ഇരുവർക്കും എതിരെ എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്ന് ആരാഞ്ഞു. കേസ് എൻഐഎ ഏറ്റെടുക്കാൻ കാരണം സംസ്ഥാന സർക്കാരാണെന്നും സംഭവം നിയമസഭിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യമാസമില്ലെന്നും പോലീസ് നടപടി ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നത്തല വിശദീകരിച്ചു. അലന്റെ വീട്ടിലും ചെന്നിത്തല എത്തും. പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുമെന്ന് ഇന്നലെ എംകെ മുനീർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തലയുടെ സന്ദർശനം.

Exit mobile version