വയനാട്ടിൽ അച്ഛനേയും മകളേയും ബസിൽ നിന്നും തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവം; ക്രൂരത കാണിച്ച ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു

വയനാട്: യാത്രക്കാരെ പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ അഹങ്കാരത്തിനും ക്രൂരതയ്ക്കും തിരിച്ചടി നൽകി ട്രാൻസ്‌പോർട്ട് ഓഫീസർ. വയനാട് ബത്തേരിയിൽ മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും ബസിൽനിന്ന് തള്ളിയിട്ട ജീവനക്കാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്താണ് വയനാട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നടപടിയെടുത്തത്. ഡ്രൈവർ വിജീഷ് കണ്ടക്ടർ ലതീഷ് എന്നിവരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

വിദ്യാർത്ഥികൾ ബസിൽ കയറാതിരിക്കാൻ ബസ് ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. ബത്തേരിയിൽ നിന്ന് അൻപത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് ജോസഫിന്റെ മകൾ നീതു റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ പുറത്തേയ്ക്ക് തള്ളിയിടുകയും ചെയ്തു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്.

Exit mobile version