സിസിടിവി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളി; ആളെ കൈയ്യോടെ പിടികൂടിയത് ഇങ്ങനെ

അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ചില രേഖകള്‍ കണ്ടെത്തി

ആലപ്പുഴ: സിസിടിവി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളിയ വ്യക്തിയെ പിടികൂടി പിഴ ഈടാക്കി. ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍കെ ജംഗ്ഷന്‍ തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ചില രേഖകള്‍ കണ്ടെത്തി. ഇതോടെയാണ് മാലിന്യം തള്ളിയ ആളെ പിടികൂടിയത്.

സംഭവത്തില്‍ കായംകുളം സ്വദേശി ഷമീമില്‍ നിന്നാണ് ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴയായി ഈടാക്കിയത്. പ്രദേശത്ത് മാലിന്യം കണ്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് നഗരസഭ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് സിസിടിവി പോലുമില്ലാത്തതിനാല്‍ മാലിന്യം തള്ളിയ ആളെ എങ്ങനെ കണ്ടെത്തുമെന്ന് സംശയം ഉയര്‍ന്നു.

അതിനിടെയാണ് അധികൃതര്‍ മാലിന്യം പരിശോധിച്ചത്. മാലിന്യത്തില്‍ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തി. തുടര്‍ന്ന് ഉടമയായ ഷമീമിനെ വിവരം അറിയിച്ചു. ഇയാള്‍ ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകള്‍ കാണിച്ചതിനെ തുടര്‍ന്ന് താനാണ് മാലിന്യം തള്ളിയതെന്ന് സമ്മതിക്കുകയായിരുന്നു. അധികൃതര്‍ ഇയാളെക്കൊണ്ട് മാലിന്യം തിരികെ എടുപ്പിച്ചു.ഒപ്പം മുപ്പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

Exit mobile version